Asianet News MalayalamAsianet News Malayalam

അർണബിനെതിരായ കേസില്‍ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീംകോടതി

സംസ്ഥാനസർക്കാർ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നു എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് 

sc against  high court and maharashtra government in case against arnab goswami
Author
New Delhi, First Published Nov 11, 2020, 2:02 PM IST

അർണബ് ഗോസ്വാമിക്കെതിരായ കേസിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഹൈക്കോടതികൾക്ക് കഴിയണമെന്ന് സുപ്രീംകോടതി വിശദമാക്കി. സംസ്ഥാനസർക്കാർ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നു എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. 

ട്വീറ്റുകളുടെ പേരിൽ പോലും ആൾക്കാരെ ജയിലിൽ അടയ്ക്കുന്നു. നല്കാനുള്ള പണത്തിൻറെ പേരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണോ എന്ന് സുപ്രീംകോടതി ചോദിച്ചു. ആത്മഹത്യാപ്രേരണ കേസ് ഇതിൽ എങ്ങനെ നിലനില്ക്കുമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.  ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 

ജാമ്യാപേക്ഷയില്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിരുന്നു.

2018 ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക്  ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്‍റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് പൊടി തട്ടിയെടുത്തത്. 

Follow Us:
Download App:
  • android
  • ios