ദില്ലി: എജിആര്‍ കുടിശ്ശിക കേസില്‍ ടെലികോം കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ചില ടെലികോം കമ്പനികള്‍ പൊതുപണം പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി തുറന്നടിച്ചു. ഞങ്ങളെ വിഡ്ഢികളാക്കുകയാണോ ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് കേസ് പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. 

സ്വകാര്യ ടെലികോം കമ്പനികൾ നൽകാനുള്ള 1.47 ലക്ഷം കോടി രൂപയുടെ കുടിശ്ശിക അടക്കാൻ 20 വർഷത്തെ സമയം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്. ടെലികോം കമ്പനിയിലെ ഉദ്യോഗസ്ഥര്‍ കരുതുന്നത് അവര്‍ എല്ലാത്തിനും മുകളിലാണെന്നാണെന്നും സ്വകാര്യ ടെലികോം കമ്പനികള്‍ തൊടാന്‍ പാടില്ലെന്നാണോ പറയുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. 

എല്ലാവരും ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. ടെലികോം മന്ത്രാലയം ആദ്യം പല്ലും നഖവും ഉപയോഗിച്ച് പൊരുതി, ഇപ്പോൾ കാലിൽ വീഴുന്നു. ഇതൊക്കെ എന്താണ്. ഈ വിഷയത്തിലെ സര്‍ക്കാരിന്‍റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ല. കോടതി ഉത്തരവിട്ട കുടിശ്ശിക തുകയും പലിശയും കമ്പനികള്‍ നിര്‍ബന്ധമായും അടയ്ക്കണം - ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി അനുമതിയില്ലാതെ ടെലികോം കമ്പനികള്‍ നീക്കം നടത്തുന്നതിനെതിരെ സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനെ പ്രതിഷേധവും വിമര്‍ശനവും അറിയിച്ചു. ഇതൊക്കെ കോടതീയലക്ഷ്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വൊഡാഫോണ്‍, ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലിസര്‍വ്വീസസ് തുടങ്ങിയ കമ്പനികള്‍ ജനുവരി 23-നകം 1.47 ലക്ഷം കോടി രൂപ എജിആര്‍ കുടിശ്ശികയായി അടയ്ക്കണം എന്നാണ് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്ര വലിയ തുക അടയ്ക്കാന്‍ ഇല്ലാത്തതിനാല്‍ കുടിശ്ശികയുടെ ഒരു ഭാഗം നല്‍കി ബാക്കി തുക അടയ്ക്കാന്‍ മൊബൈല്‍ കമ്പനികള്‍ സമയം തേടുകയായിരുന്നു. 

എജിആര്‍ കേസില്‍ സുപ്രീംകോടതി നടത്തുന്ന ഇടപെല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പുറത്തു വരുന്നതെന്ന പറഞ്ഞ കോടതി മാധ്യമങ്ങള്‍ക്ക് നേരെയും അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ടെലികോം കമ്പനികള്‍ക്ക് വേണ്ടി സുപ്രീംകോടതിക്കെതിരെ തെറ്റായ വര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങളെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.