Asianet News MalayalamAsianet News Malayalam

'ഗവ‍ര്‍ണര്‍ മന്ത്രിസഭയ്ക്ക് വിധേയൻ,സ്വന്തംനിലയിൽ പ്രവ‍ര്‍ത്തിക്കാനാവില്ല'; പേരറിവാളൻ കേസിൽ സുപ്രീംകോടതി

മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കണ്ടെതെന്ന് സുപ്രീം കോടതി 29 പേജുള്ള വിധിന്യായത്തിൽ പറയുന്നു

SC made Clear statement about the Responsibilities of Governor
Author
Delhi, First Published May 18, 2022, 10:23 PM IST


ദില്ലി:രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്.സംസ്ഥാന സർക്കാർ ശുപാർശ നല്കിയിട്ടും ഗവർണർ അത് നടപ്പാക്കത്തിൽ രൂക്ഷ വിമർശനം സുപ്രീം കോടതി ഉന്നയിച്ചു. ഗവ‍ര്‍ണറുടെ അധികാരവും പ്രവര്‍ത്തനവും സംബന്ധിച്ച് പേരറളിവാളൻ കേസിൽ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിൽ നിലനിൽക്കുന്ന അധികാരവടംവലിയിൽ നിര്‍ണായകമാവും. 

മുപ്പതു കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന്  മോചനം കിട്ടിയത്. മോചനത്തിനുള്ള അപേക്ഷ പേരറിവാളൻ തമിഴ്നാട് ഗവർണ്ണർക്ക് രണ്ടായിരത്തി പതിനഞ്ചിലാണ് നല്കിയത്. എന്നാൽ തീരുമാനം എടുക്കാതെ ഗവർണ്ണർ ഇതു നീട്ടുക്കൊണ്ടു പോയപ്പോഴാണ് പേരറിവാളൻ സുപ്രീംകോടതിയിൽ എത്തിയത്. 

പിന്നീട് തമിഴ്നാട് സർക്കാർ മോചനത്തിന് ശുപാർശ നല്കിയെങ്കിലും ഗവർണ്ണർ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. ഗവര്‍ണറുടെ ഈ നടപടിക്കെതിരെ ഇന്നത്തെ വിധിയിൽ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.

മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കണ്ടെതെന്ന് സുപ്രീം കോടതി 29 പേജുള്ള വിധിന്യായത്തിൽ പറയുന്നു. സർക്കാരിന്റെ ചുരുക്കം മാത്രമാണ് ഗവർണർ. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്ന സുപ്രധാന നിരീക്ഷണവും ഇന്ന് കോടതിയിൽ നിന്നുണ്ടായി. ഭരണഘടനയുടെ 142ആം അനുച്ഛേദം നല്കുന്ന അധികാരം ഉപയോഗിച്ച് കോടതി തന്നെ മോചനത്തിന് ഉത്തരവിടുകയാണെന്നും ജസ്റ്റ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബഞ്ച് വിധിയിൽ വ്യക്തമാക്കി. സമാനകളില്ലാത്ത പോരാട്ടത്തിന്റെ വിജയമാണിതെന്ന് പേരറിവാളന്റെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ വർഷം മാർച്ചിൽ കോടതി പേരറിവാളന് ജാമ്യം നല്കിയിരുന്നു. ഗവർണ്ണറുടെ അധികാരം പോലുള്ള ഭരണഘടന വിഷയങ്ങളിൽ കോടതി 142ആം അനുച്ഛേദം പ്രയോഗിക്കുന്നത് അസാധാരണമാണ്. 

മോചനത്തിന്‍റെ നാൾവഴി

  •  1991 മെയ് 21: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റ് 16 പേരും തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് രാത്രി 10.20 ന് ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 
  •  1991 മെയ് 22: കേസ് അന്വേഷിക്കാൻ സിബി-സിഐഡി സംഘം രൂപീകരിച്ചു.
  •  1991 മെയ് 24: സംസ്ഥാന സർക്കാരിന്‍റ അഭ്യർത്ഥന പ്രകാരം അന്വേഷണം സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
  •  1991 ജൂൺ 11: 19 കാരനായ എ.ജി.പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്തു. മറ്റെല്ലാ പ്രതികളേയും പോലെ ടാഡ ചുമത്തി കേസെടുത്തു.
  •  1992 മെയ് 20: ചെന്നൈയിലെ പ്രത്യേക ടാഡ വിചാരണ കോടതിയിൽ 41 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ 12 പേർ മരിച്ചുപോയിരുന്നു, 3 പേർ ഒളിവിലും.
  •  1998 ജനുവരി 28: നീണ്ട വിചാരണയ്ക്ക് ശേഷം  പേരറിവാളനും നളിനിയും  ഉൾപ്പെടെ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
  •  1999 മേയ് 11: മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുൾപ്പെടെ നാലു പേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. മൂന്ന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മറ്റ് 19 പ്രതികളെ മോചിപ്പിച്ചു, ടാഡ വകുപ്പ് ചുമത്തിയത് ഒഴിവാക്കി.
  •  2000 ഏപ്രിൽ 109:നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് കരുണാനിധി സർക്കാർ ഗവർണറോട് ശുപാർശ ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നളിനിയെ മോചിപ്പിക്കാൻ രാഷ്ട്രപതിക്ക് അപേക്ഷ അയച്ചു.
  •  2000 ഏപ്രിൽ 21: തമിഴ്നാട് മന്ത്രിസഭയുടെ ശുപാർശ കണക്കിലെടുത്ത് നളിനിയുടെ വധശിക്ഷ ഗവർണർ ജീവപര്യന്തമാക്കി കുറച്ചു.
  •  2001: ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നീ മൂന്ന് പ്രതികൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകി.
  •  2006: പേരറിവാളന്റെ ആത്മകഥ ‘ആൻ അപ്പീൽ ഫ്രം ദ ഡെത്ത് റോ’ പുറത്തിറങ്ങി. കേസിൽ താൻ ഉൾപ്പെട്ടതെങ്ങനെ എന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ വലിയ പൊതുചർച്ചയ്ക്ക് വഴിവച്ചു.
  •  2011 ഓഗസ്റ്റ് 11: 11 വർഷത്തിന് ശേഷം അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ മൂന്ന് പ്രതികളുടേയും ദയാഹർജി തള്ളി.
  •  2011 ഓഗസ്റ്റ് 30 : സെപ്തംബർ 9ന് നടത്താനിരുന്ന തൂക്കിക്കൊല മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേ ദിവസം ജയലളിത സർക്കാർ പ്രതികളുടെ തൂക്കിക്കൊലയ്ക്കെതിരെ പ്രമേയം പാസാക്കി.
  •  2013 ഫെബ്രുവരി 24: കുറ്റകൃത്യം നടന്ന് 23 വർഷത്തിന് ശേഷം പ്രതികളെ തൂക്കിലേറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലെന്ന പ്രസ്താവന ചർച്ചയാകുന്നു.
  •  2013 നവംബർ 2013:   പേരറിവാളന്‍റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ മുൻ സിബിഐ ഉദ്യോഗസ്ഥൻ ത്യാഗരാജൻ മൊഴി താൻ പൂർണമായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് വെളിപ്പെടുത്തുന്നു.
  •  2014 ജനുവരി 21: രാജീവ്ഗാന്ധി കേസിലെ മൂന്ന് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി  ജീവപര്യന്തമായി ഇളവ് ചെയ്തു.
  •  2014 ഫെബ്രുവരി 19, ഏഴ് പ്രതികളേയും വിട്ടയക്കാൻ ജയലളിത സർക്കാർ തീരുമാനിച്ചു.
  •  2014 ഫെബ്രുവരം 20, തമിഴ്നാട് സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി മോചനം സ്റ്റേ ചെയ്തു.
  •  2015: ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരം തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ തമിഴ്നാട് ഗവർണർക്ക് ദയാഹർജി നൽകി.  ഗവർണറിൽ നിന്ന് മറുപടി കിട്ടാത്തതിനാൽ ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു.
  • 2017 ഓഗസ്റ്റ് 2017: 1991ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായി തമിഴ്‌നാട് സർക്കാർ പേരറിവാളന് പരോൾ അനുവദിച്ചു.
  •  2018 സെപ്റ്റംബർ 6: ദയാഹർജിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി.
  •  2018 സെപ്റ്റംബർ 9 : എടപ്പാടി പളനിസാമി മന്ത്രിസഭ പേരറിവാളനടക്ക് ഏഴ് പ്രതികളെയും മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തു.
  •  2021 ജനുവരി: ഗവർണർ മന്ത്രിസഭാ തീരുമാനം വച്ചുതാമസിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി. കോടതിക്ക് തീരുമാനം എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഗവർണർ ശുപാർശ രാഷ്ട്രപതിക്ക് അയക്കുന്നു.
  • 2021 മെയ്: പേരറിവാളന് ഡിഎംകെ സർക്കാർ വീണ്ടും പരോൾ നൽകി. തുടർന്ന്  പരോൾ നീട്ടി നൽകുന്നു.
  • 2022 മാർച്ച് 9: പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
  • 2022 മെയ് 11: കേസിൽ സുപ്രീം കോടതി വാദം കേൾക്കൽ അവസാനിപ്പിച്ചു. പേരറിവാളൻ കുറ്റവിമുക്തൻ.
Follow Us:
Download App:
  • android
  • ios