ദില്ലി: സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന സുപ്രീംകോടതി വിധി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്. മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് ഇതെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് വിമർശിച്ചു. ഇത് രാജ്യത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ വിധി. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി . പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ സർക്കാർ ഒഴിവുകൾ നികത്താൻ 2012 ൽ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരുന്നു . 

ആ തീരുമാനത്തിനെതിരെയുള്ള ഉത്തരാഖണ്ഡ് കോടതി  വിധി സുപ്രീംകോടതി റദ്ദാക്കി. ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഹർജിയിലാണ് തീരുമാനം.  ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങൾ പ്രകാരം സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.