ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്
ദില്ലി : ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായകമായി സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ബീഹാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്. നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ പേര്, അതിന്റെ കാരണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങളാണ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടത്.
ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഭരണഘടനാപരമായ അവകാശവും ഭരണഘടനാപരമായ അർഹതയും തമ്മിലുള്ള തർക്കമാണിതെന്ന് ഹർജിക്കാരുടെ വാദത്തെ ജസ്റ്റിസ് ബാഗ്ചി മുൻപ് സംഗ്രഹിച്ചിരുന്നു.
പൗരത്വം തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും, അതുപോലെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കമ്മീഷന് അധികാരം ഇല്ലെന്നുമാണ് ഹർജിക്കാർ വാദിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പുറത്തിറങ്ങാനിരിക്കുകയാണ്. അർഹരായ കോടിക്കണക്കിന് വോട്ടർമാരെ ഈ നടപടിയിലൂടെ വോട്ടവകാശത്തിൽ നിന്ന് പുറത്താക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

