മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന് നേരത്തെ വിവിധ ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകളുടെ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ, സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്

ദില്ലി: മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന് നേരത്തെ വിവിധ ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകളുടെ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ, സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍റെ ആവശ്യം.

18 ആയില്ലെങ്കിലും ഋതുമതിയായാൽ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാമെന്ന് കോടതി

അതേസമയം സുപ്രീം കോടതിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാകില്ല എന്ന് സുപ്രീം കോടതി പറഞ്ഞതാണ്. കൊളീജീയത്തെ ചൊല്ലി കേന്ദ്രവും സുപ്രീം കോടതിയും തമ്മിൽ തർക്കം നിലനിൽക്കെയാണ് 2018 ഡിസംബര്‍ 12ന് ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹര്‍ജി കോടതി ഇന്ന് തള്ളിയത്. കൊളീജിയം യോഗത്തിന്റെ അന്തിമ തീരുമാനം മാത്രമേ പരസ്യപ്പെടുത്താന്‍ കഴിയൂ. അതിനപ്പുറം യോഗത്തിനകത്ത് എന്തെല്ലാം ചര്‍ച്ചകള്‍ നടന്നു എന്ന കാര്യം പൊതുജനം അറിയേണ്ടതില്ലെന്ന നീരീക്ഷണത്തോടെയാണ് ജസ്റ്റീസ് എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി. ലോകൂറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു ഹർജി എത്തുന്നത്. യോഗത്തില്‍ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി എന്നായിരുന്നു ജസ്റ്റീസ് മദന്‍ ബി. ലൊകൂറിന്റെ വെളിപ്പെടുത്തല്‍.