ലഖ്നൗ: അലഹബാദിന്‍റെ പേരുമാറ്റാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വ്വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുമാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ചെയ്ത തെറ്റ് തിരുത്തനായാണ് അലഹബാദിന്‍റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റുന്നതെന്നാണ് ബിജെപിയുടെ വിശദീകരണം. മുമ്പ് അലഹബാദിന്‍റെ പേര് പ്രയാഗ്രാജ് എന്നായിരുന്നു. അക്ബര്‍ ചക്രവര്‍ത്തിയാണ് ഈ പേര് മാറ്റിയതെന്നും തങ്ങള്‍ പ്രയാഗ്രാജ് എന്ന യഥാര്‍ത്ഥ പേര് തിരികെ കൊണ്ടുവരികയാണെന്നും ബിജെപി അറിയിച്ചു.

Read More: മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയത് സ്ഫോടകവസ്തു തന്നെ; നിര്‍വീര്യമാക്കിയെന്ന് പൊലീസ്

1575 ലാണ് അലഹബാദിന് ഈ പേര് ലഭിച്ചത്. മുഗൾ ചക്രവർത്തി അക്ബർ ഇതിനെ ഇല്ലഹാബാസ് എന്നായിരുന്നു വിളിച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അലഹബാദിനെ കൂടാതെ ഫൈസാബാദിന്‍റെ പേരും സര്‍ക്കാര്‍ മാറ്റിയിരുന്നു. അയോധ്യ എന്നായിരുന്നു പേരു മാറ്റിയത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ചരിത്രകാരന്‍മാരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.