ദില്ലി: ജമ്മുകശ്മീരിൽ കേന്ദ്രസർക്കാരിന് താത്കാലിക ആശ്വാസം. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ ഭരണഘടനാ ബഞ്ച് നവംബർ പതിനാലിലേക്ക് മാറ്റി. അതിനിടെ ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ അനിവാര്യമെന്ന് വ്യക്തമാക്കി കേന്ദ്രം പുതിയ സത്യവാങ്മൂലം നല്കി.ജ

സ്റ്റിസ് എന്‍വി രമണ, സ‍ഞ്ജയ് കിഷന്‍ കൗള്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവി, സൂര്യഗാവ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കശ്മീര്‍ വിഷയം പരിഗണിക്കുന്നത്. സിപിഎം നേതാവ് എംവൈ തരിഗാമി അടക്കമുള്ള കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനും രണ്ടായി വിഭജിക്കുന്നതിനും എതിരെയുള്ള ഹർജികളാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്.പത്തിലധികം ഹർജികളിൽ വ്യത്യസ്ത വാദമാണുള്ളതെന്നും ഇതിന് മറുപടി നല്കാൻ സമയം വേണമെന്നും അറ്റോണി ജനറൽ കെകെ വേണുഗോപാൽ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ മറുപടി നല്‍കാനായി ഒരു മാസത്തിലധികം സമയം ഇതിനോടകം നല്‍കി കഴിഞ്ഞെന്നും ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു. ഈ വാദം തള്ളിയ കോടതി കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം നല്കി. ഒരേ വിഷയത്തിൽ ഒരു ലക്ഷം ഹർജി ആവശ്യമില്ലെന്നും കശ്മീരിൻറെ കാര്യത്തിൽ ഇനി അപേക്ഷ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് രമണ അറിയിച്ചു. 

അടുത്തമാസം പതിനാലിന് കേസ് കോടതി വീണ്ടു കേൾക്കും. കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരായ ഹർജികൾ പിന്നീട് മൂന്നംഗ ബഞ്ച് കേട്ടു. വ്യക്തി സ്വാതന്ത്യം രാജ്യസുരക്ഷയ്ക്ക് എതിരാകരുതെന്ന് മാധ്യമനിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി വാക്കാൽ പരാമർശിച്ചു. നിയന്ത്രണങ്ങൾ അനിവാര്യമെന്നും മൊബൈൽ ഫോൺ അനുവദിച്ചാൽ അതിർത്തിക്കപ്പുറത്തെ ശക്തികൾ ദുരുപയോഗം ചെയ്യുമെന്നും കേന്ദ്രം പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീരിനെ വിഭജിക്കാനുള്ള നടപടികൾ ഈ മാസം 31ന് പൂർത്തിയാക്കാനാണ് കേന്ദ്രതീരുമാനം. ഭരണഘടനാബെഞ്ച് കേസ് അടുത്ത മാസത്തേക്ക് മാറ്റിയതോടെ ഇതിന് കേന്ദ്രത്തിനു മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്.