ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. 

ദില്ലി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മമ നൽകിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. നാളെ ഉച്ചക്ക് ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതിനിടെ നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് നിര്‍ഭയയുടെ രക്ഷിതാക്കള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. പട്യാല ഹൗസ് കോടതി വളപ്പിൽ ആയിരുന്നു നിര്‍ഭയയുടെ മാതാപിതാക്കളുടെ പ്രതിഷേധം.വനിത അവകാശ പ്രവർത്തകയായ യോഗിത ഭയാനയും ഇവർക്കൊപ്പമുണ്ടായിരുന്നു.

പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി പരിഗണിച്ച കോടതി കുറ്റവാളികളിൽ ഒരാളായ പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ചു.കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. പിന്നാലെ കോടതി തന്റെ വികാരം മനസ്സിലാക്കാത്തതെന്തെന്ന് ചോദിച്ച നിർഭയയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞു.

രക്ഷിതാക്കളുടെ വികാരം മനസ്സിലാക്കുന്നെന്നും ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്നും കോടതി പറഞ്ഞു. പിന്നീട് കോടതിക്ക് പുറത്തെത്തിയ രക്ഷിതാക്കൾ കുറ്റവാളികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.