ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വിധി നാളെ. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നാളെ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

വാരണസിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ തേജ് ബഹാദൂര്‍ നൽകിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഇതിന് പിന്നിൽ ചിലരുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും കമ്മീഷൻ ബോധപൂര്‍വ്വം തന്‍റെ പത്രിക തള്ളിയതാണെന്നുമാണ് തേജ് ബഹാദൂറിന്റെ വാദം. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി വാരണസിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്. എന്നാൽ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദുർ വാദിക്കുന്നു. 

തേജ് ബഹാദുറിന്റെ പത്രിക തള്ളിയതോടെ ലോകസഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്തി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മഹാ സഖ്യത്തിന് സ്ഥാനാർത്ഥി ഇല്ലാതാകുകയായിരുന്നു.

ബിഎസ്എഫിൽ സൈനികർക്ക് നല്കുന്ന ഭക്ഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹാദൂർ യാദവിനെ 2017 ൽ പിരിച്ചു വിട്ടത്.