Asianet News MalayalamAsianet News Malayalam

ചിദംബരത്തിന്‍റെ ജാമ്യഹർജിയിൽ ഉത്തരവ് സെപ്റ്റംബർ 5-ന്, എൻഫോഴ്‍സ്മെന്‍റ് അറസ്റ്റ് തടഞ്ഞു

കേസിൽ വിശദമായി വാദം കേട്ട സുപ്രീംകോടതി ഉത്തരവ് പറയുന്നത് മാറ്റിവച്ചു. അതുവരെ എൻഫോഴ്‍സ്മെന്‍റിന്‍റെ അറസ്റ്റിൽ നിന്ന് ചിദംബരത്തിന് സംരക്ഷണവും നൽകി. 

SC To Pronounce Orders On Chidambaram's Bail Plea On Sep 5
Author
New Delhi, First Published Aug 29, 2019, 5:13 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിയിടപാട് കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ മുൻ ധനമന്ത്രി പി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് സെപ്റ്റംബർ 5-ന്. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ കസ്റ്റഡിയിലാണ് ചിദംബരം. 

മൂന്ന് ദിവസത്തിനകം ചിദംബരത്തിനെതിരായി ശേഖരിച്ച തെളിവുകൾ മുദ്ര വച്ച കവറിൽ കൈമാറാനും സുപ്രീംകോടതി എൻഫോഴ്‍സ്മെന്‍റിനോട് നിർദേശിച്ചു. രേഖകൾ ആധികാരികമായിരിക്കണമെന്നും ജസ്റ്റിസ് ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു. 

ഇതിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴൊക്കെ ചിദംബരം ചോദ്യങ്ങളോട് സഹകരിച്ചില്ലെന്ന വാദത്തിനെതിരെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംഗ്‍വിയും ശക്തമായ വാദങ്ങളുയർത്തി. പ്രധാനപ്പെട്ട ഒരു ചോദ്യങ്ങളും എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തോട് ചോദിച്ചിട്ടില്ലെന്ന് വാദം. ചോദ്യം ചെയ്യലിന്‍റെ രേഖകളും അതിന് ചിദംബരം നൽകിയ മറുപടികളും എൻഫോഴ്‍സ്മെന്‍റിനോട് ഹാജരാക്കാൻ നിർദേശിക്കണമെന്നും ചിദംബരത്തിന്‍റെ അഭിഭാഷകർ വാദിച്ചു. 

നിലവിൽ പി ചിദംബരം റിമാൻഡിലാണ്. ആഗസ്റ്റ് 23-ന് സിബിഐയുടെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യഹർജിയിൽ പിഴവുകളുണ്ടെന്ന് കാട്ടി കോടതി ഹർജി പരിഗണിച്ചിരുന്നില്ല. ഹർജിയിലെ തെറ്റ് തിരുത്തി സമർപ്പിക്കാനായിരുന്നു കോടതി ചിദംബരത്തിന്‍റെ അഭിഭാഷകരോട് നിർദേശിച്ചത്. റിമാൻഡിനെതിരായ ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക സിബിഐ കോടതിയാണ് കേസിൽ ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്ന് ഉത്തരവിട്ടത്. 

ആഗസ്റ്റ് 23-ന് തന്നെ തുടങ്ങിയ മാരത്തൺ വാദം കേൾക്കലിന് ശേഷമാണ് കോടതി ഇന്ന് ജാമ്യഹർജിയിൽ ഉത്തരവ് പറയുന്നത് മാറ്റി വച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios