ലക്നൗ: അധ്യാപക പരീക്ഷയിൽ 150 ൽ 142 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും ഇന്ത്യയിലെ രാഷ്ട്രപതിയുടെ പേരെന്തെന്ന ചോദ്യത്തിന് ഉത്തരമെഴുതാൻ സാധിച്ചില്ല. അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഉത്തർപ്രദേശിലെ അസിസ്റ്റന്റ് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ധർമേന്ദ്ര പട്ടേലാണ് പ്രസിഡന്റിന്റെ പേരെഴുതുന്നതിൽ പരാജയപ്പെട്ടത്. ഈ സംഭവത്തിലൂടെ  പുറത്ത് വന്നത് പട്ടേലിന്റെ അറിവില്ലായ്മ മാത്രമല്ല, ഒപ്പം ഒരു വന്‍ അഴിമതി കൂടിയാണ്

ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് ടീച്ചേഴ്സിന്റെ 69000 ഒഴിവുകളിലേക്ക് നടത്തിയ അധ്യാപക പരീക്ഷയിലാണ് വന്‍ ക്രമക്കേട് നടന്നിരിക്കുന്നത്. ലക്ഷക്കണക്കിന് കൈക്കൂലി വാങ്ങിയ വിവരങ്ങളാണ് ഈ കേസിൽ പുറത്ത് വന്നിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് നിയമനത്തിന്റെ തുടർനടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. 

വ്യാപം അഴിമതിയോടാണ് കോൺ​ഗ്രസ് ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. അതേ സമയം അധ്യാപക നിയമനത്തിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൽ പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ചിരിക്കുകയാണ് യോ​ഗി സർക്കാർ. 'റിക്രൂട്ട്മെന്റെ് നടത്തുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഉദ്യോ​ഗാർത്ഥികളിലൊരാളായ രാഹുൽ പൊലീസിൽ പരാതി നൽകിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. പരാതിയിൻ മേൽ പ്രയാ​ഗ്‍രാജ് പൊലീസ് ഉടനടി നടപടിയെടുക്കുകയും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കെഎൽ പട്ടേൽ എന്നയാളെയും ഒപ്പം 9 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.' അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ദ്വിവേദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'നടപടിക്രമങ്ങളും മാർ​ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് റിക്രൂട്ട്മെന്റ് നടത്തിയത്. എന്നാൽ അധ്യാപക നിയമന പ്രക്രിയയിൽ അലഹബാദ് ഹൈക്കോടതി സ്റ്റേ നിർദ്ദേശിച്ചതിനാൽ കൗൺസലിം​ഗ് നടപടികൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രത്യേക അപ്പീൽ നൽകിയിരിക്കുകയാണ്. നിയമനപ്രക്രിയയിൽ കോടതിയുടെ വിധി അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ചിലർ ഈ സംഭവത്തിൽ രാഷ്ട്രീയം കളിക്കുകയാണ്.' പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ദ്വിവേദി പറഞ്ഞു.

അതേ സമയം പരീക്ഷയിൽ ഒന്നാമതെത്തിയ ധർമേന്ദ്ര പട്ടേൽ നിയമന പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ​ഗുരുതരമായി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഴിമതിക്കേസിലെ പ്രധാന പ്രതി കെഎൽ പട്ടേലാണെന്ന് തിരിച്ചറിഞ്ഞതായി പ്രയാ​ഗ്‍രാജ് എസ്എസ്പി സത്യാർത്ഥ അനിരുദ്ധ് പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന് ശേഷം ഇയാളിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തായി പൊലീസ് വെളിപ്പെടുത്തി.

മധ്യപ്രദേശിലെ വ്യാപം അഴിമതിയോടാണ് ഈ കേസിനെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി താരതമ്യം ചെയ്തിരിക്കുന്നത്. നിയമന പ്രക്രിയയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ​ഗാന്ധി ഉദ്യോ​ഗാർത്ഥികളുമായി നടത്തിയ  വീഡിയോ കോൺഫറൻസിം​ഗിനിടെ ഉന്നയിച്ചത്. 'പരീക്ഷയിലെ ഒന്നാം റാങ്ക് നേടിയ വ്യക്തി അറസ്റ്റിലായതായി ഞാനറിഞ്ഞു. കൃത്യമായിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ എങ്ങനെയാണ് അറസ്റ്റുണ്ടാകുക? അഴിമതി നടക്കുമ്പോൾ ശബ്ദമുയർത്താൻ‌ യുപി സർക്കാർ അനുദിക്കില്ല. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? കൃത്യമായ, ന്യായമായ നടപടിയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്.'' പ്രിയങ്ക ​ഗാന്ധി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.