മുംബൈയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അവധി പ്രഖ്യാപിച്ചു, അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
മുംബൈ: മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതിനാൽ സ്കൂളുകളും കോളേജുകളും അടച്ചു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നഗരത്തിലടക്കം വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈ നഗരത്തിൽ 54 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ യഥാക്രമം 72 മില്ലീമീറ്ററും 65 മില്ലീമീറ്ററും മഴ ലഭിച്ചതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഓഫീസ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മുംബൈയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അവധി പ്രഖ്യാപിച്ചു, അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഈസ്റ്റേൺ ഫ്രീവേ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ എന്നിവയെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
പ്രധാന റോഡുകളിൽ നൂറുകണക്കിന് കാറുകൾ കനത്ത മഴയിൽ കുടുങ്ങി. അന്ധേരി, ലോഖണ്ഡ്‌വാല, കാഞ്ചുർമാർഗ്, സിയോൺ ഗാന്ധി മാർക്കറ്റ്, നവി മുംബൈ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥ വ്യോമ ഗതാഗതത്തെയും ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകി. നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മുംബെയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും ശരാശരി 54 മിനിറ്റ് കാലതാമസമുണ്ടായി
ലോക്കൽ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്. ചെമ്പൂരിൽ മതിൽ ഇടിഞ്ഞുവീണതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമൊന്നും സംഭവിച്ചിട്ടില്ല, ബിഎംസിയിൽ നിന്നും അഗ്നിശമന സേനയിൽ നിന്നുമുള്ള സംഘങ്ങൾ സ്ഥലത്തെത്തി ദുരിതബാധിത കുടുംബങ്ങളെ ഒഴിപ്പിച്ചു.
