സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഒരാൾ അടുക്കളയിൽ വന്ന് എന്തോ പറയുന്നതും ഇയാളെ ജീവനക്കാർ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഭോപ്പാൽ: ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് കസ്റ്റമേഴ്സും ഹോട്ടല്‍ ജീവനക്കാരും തമ്മിൽത്തല്ലി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള തിലക് നഗറിലെ ഒരു ഹോട്ടലിലാണ് കസ്റ്റമേഴ്സും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഭക്ഷണം മേശമാണെന്ന് പരാതിപ്പെട്ടതിന് പിന്നാലെ ഹോട്ടൽ ജീവനക്കാർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് കസ്റ്റമേഴ്സ് പറയുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയ ഒരു സംഘം ആളുകൾ ഹോട്ടൽ അടുക്കളയിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. കസ്റ്റമേഴ്സിന്റെയും ഹോട്ടൽ അധികൃതരുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഒരാൾ അടുക്കളയിൽ വന്ന് എന്തോ പറയുന്നതും ഇയാളെ ജീവനക്കാർ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ അടുക്കളയിലേക്ക് വരികയും പാത്രങ്ങളും ഭക്ഷണ സാധനങ്ങളും വലിച്ചെറിയുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഹോട്ടലില്‍ അക്രമം നടത്തിയവര്‍ മദ്യപിച്ചിരുന്നതായും ഇവര്‍ സ്ത്രീകള്‍ അടക്കമുള്ള ഹോട്ടല്‍ ജീവനക്കാരെ ഉപദ്രവിച്ചതായും ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. ഓര്‍ഡര്‍ ചെയ്‍ത ഭക്ഷണം കിട്ടാന്‍ വൈകിയതും ഭക്ഷണത്തിന്‍റെ ഗുണമേന്‍മയെപ്പറ്റി പരാതിപ്പെട്ടതുമാണ് ഹോട്ടലില്‍ സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് ഷഹ്‍പുരയിലെ എഎസ്‍പി സഞ്ജയ് സാഹു പറഞ്ഞു.
