Asianet News MalayalamAsianet News Malayalam

പരിചയസമ്പത്തില്ല, വെറും ആർട്ട് കമ്പനി ഉടമ; മോദി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി അറസ്റ്റിൽ

ഇത്രയും വലിയ പ്രതിമ നിർമിക്കാൻ പരിചയക്കുറവുണ്ടായിട്ടും ആപ്‌തെയ്ക്ക് എങ്ങനെയാണ് കരാർ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.

sculptor of Shivaji statue that collapsed in Maharashtra, arrested
Author
First Published Sep 5, 2024, 8:36 AM IST | Last Updated Sep 5, 2024, 8:36 AM IST

മുംബൈ: മഹാരാഷ്ട്ര സിന്ധുദുർ​ഗിലെ രാജ്കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണ സംഭവത്തിൽ ശിൽപിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശിൽപിയും കരാറുകാരനുമായ ജയദീപ് ആപ്‌തെയെയാണ് താനെ ജില്ലയിലെ കല്യാണിൽ നിന്ന് മഹാരാഷ്ട്ര ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആപ്‌തെ ഇപ്പോൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ഡിസിപി) ഓഫീസിലാണ്.

ഒൻപത് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജ് പ്രതിമ ഓഗസ്റ്റ് 26 ന് തകർന്നുവീണിരുന്നു.  സംഭവത്തിൽ മോദി ക്ഷമ ചോദിച്ചിരുന്നു. പ്രതിമ തകർന്നതിന് ശേഷം ശിൽപി ഒളിവിൽ പോയി. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് 24 കാരനായ ശിൽപ്പിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വലിയ പ്രതിമകൾ നിർമിച്ച് പരിചയമില്ലെന്നും കല്യാണിലെ ഒരു ആർട്ട് കമ്പനിയുടെ ഉടമയാണെന്നും പൊലീസ് പറയുന്നു.

പ്രതിമ തകർന്നത് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചു. സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനും എതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

ഇത്രയും വലിയ പ്രതിമ നിർമിക്കാൻ പരിചയക്കുറവുണ്ടായിട്ടും ആപ്‌തെയ്ക്ക് എങ്ങനെയാണ് കരാർ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. അതേസമയം, പദ്ധതിക്കായി സംസ്ഥാന ട്രഷറിയിൽ നിന്ന് 236 കോടി രൂപ അനുവദിച്ചിട്ടും ഒന്നര കോടി രൂപ മാത്രമാണ് പ്രതിമ നിർമാണത്തിന് ചെലവഴിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ആരോപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios