Asianet News MalayalamAsianet News Malayalam

സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; നേവി ഇന്ന് എത്തിയേക്കും, സഹായിക്കാൻ കേരള കോസ്റ്റൽ പൊലീസും

തിരച്ചിലിനായി നേവിയുടെ സഹായം തേടിയിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നേവി ഇന്ന് എത്തിയേക്കും എന്നാണ് സൂചന.

search operations continue for CCD Owner vg siddhartha
Author
Mangalore, First Published Jul 31, 2019, 6:45 AM IST

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിലിൽ ഇന്നും തുടരും. തിരച്ചിലിനായി നേവിയുടെ സഹായം തേടിയിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നേവി ഇന്ന് എത്തിയേക്കും എന്നാണ് സൂചന.

മംഗളൂരു നേത്രാവതി പാലത്തിൽ വച്ചാണ് സിദ്ധാർത്ഥയെ കാണാതായത്. ഇവിടെ വച്ചാണ് അവസാനമായി സിദ്ധാർത്ഥയുടെ മൊബൈൽ ഫോണ്‍ പ്രവർത്തിച്ചതെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. പുഴയുടെ അതിർത്തി പ്രദേശങ്ങളിൽ കേരള തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. അതിനിടെ കണ്ടെടുത്ത കത്ത് സിദ്ധാർത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാർത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. 

''ഇതുവരെ പോരാടി, ഇനി വയ്യ'' - വി ജി സിദ്ധാർത്ഥയുടെ കത്ത്

37 വർഷത്തെ അധ്വാനം. സിസിഡി വഴി 30,000 തൊഴിലവസരങ്ങൾ, ടെക്നോളജി രംഗത്ത് 20,000 തൊഴിലവസരങ്ങൾ. അത്യധ്വാനം കൊണ്ട് ഇത്രയധികം നേടാനായെങ്കിലും, എന്‍റെ ബിസിനസ് മോഡൽ ലാഭകരമാക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഞാൻ എല്ലാം ഉപേക്ഷിക്കുകയാണ്. എന്നിൽ വിശ്വസിച്ചിരുന്ന എല്ലാവരോടും എനിക്ക് മാപ്പല്ലാതെ മറ്റൊന്നും ചോദിക്കാനില്ല. ഏറെക്കാലം പോരാടി. ഇനി വയ്യ. മതിയായി. സുഹൃത്തിന്‍റെ കയ്യിൽ നിന്ന് വൻ തുക കടം വാങ്ങി ഞാൻ നടത്തിയ ഒരു ഇടപാടിലെ പങ്കാളിയായ സ്വകാര്യ ഇക്വിറ്റി കമ്പനി എന്നോട് എന്‍റെ സ്വന്തം ഷെയറുകൾ തിരിച്ചു വാങ്ങാൻ നി‍ർബന്ധിക്കുകയാണ്. സമാനമായ ആവശ്യം മറ്റ് ബിസിനസ് ഇടപാടുകാരും ഉന്നയിക്കുന്നു. ഈ സമ്മർദ്ദം ഇനിയെനിക്ക് താങ്ങാൻ വയ്യ. 

ആദായനികുതി വകുപ്പ് അന്യായമായ നിരവധി നടപടികളാണെടുത്തത്. എന്നെ അക്ഷരാർത്ഥത്തിൽ പീഡിപ്പിച്ചു. ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിച്ചിട്ടും നടപടികൾ ഐടി വകുപ്പ് പിൻവലിച്ചില്ല. 

പുതിയ മാനേജ്‍മെന്‍റ് വഴി മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണം. എല്ലാ ബിസിനസ് ഇടപാടുകളും എന്‍റെ മാത്രം ഉത്തരവാദിത്തമായിരുന്നു. നിയമം ഇതിന് എന്‍റെ മേൽ മാത്രം പഴി ചാരിയാൽ മതി. എന്നെങ്കിലും നിങ്ങളെല്ലാം എന്‍റെ സ്ഥിതി തിരിച്ചറിയുമെന്നും മാപ്പ് നൽകുമെന്നും കരുതട്ടെ. 

എന്‍റെ സ്വത്തുക്കളുടെയും കടങ്ങളുടെയും പട്ടിക താഴെക്കൊടുക്കുന്നു. സ്വത്തുക്കളുടെ മൊത്തം വില കടങ്ങളേക്കാൾ കൂടുതലാണ്. ഇതെല്ലാം വിറ്റാൽ നിങ്ങൾക്ക് കടം വീട്ടാനാകും. 

സ്നേഹത്തോടെ, 

വി ജി സിദ്ധാർത്ഥ.

search operations continue for CCD Owner vg siddhartha

തിങ്കളാഴ്ച രാത്രി മുതലാണ് സിദ്ധാർത്ഥയെ കാണാതായത്. ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ്  ഡ്രൈവറുടെ മൊഴി. ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീൻപിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് പുഴയിൽ നടത്തുന്ന തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios