'കാണാതായ എം പി സണ്ണി ഡിയോളിനെ അന്വേഷിക്കുന്നു' എന്നാണ് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട പോസ്റ്ററിലെ വാചകങ്ങൾ. ഗുര്‍ദാസ്പൂരില്‍ എം.പിയായിരുന്ന സുനില്‍ ജക്കാറിനെ തോല്‍പ്പിച്ചാണ് നടനായ സണ്ണിഡിയോള്‍ ബിജെപി ടിക്കറ്റിൽ മണ്ഡലത്തില്‍ ജയിച്ചു കയറിയത്
പഞ്ചാബ്: നടനും രാഷ്ട്രീയപ്രവർത്തകനുമായി സണ്ണി ഡിയോളിനെ കാൺമാനില്ല എന്ന പോസ്റ്റർ പഞ്ചാബിലെ പത്താൻകോട്ടിലെ ചിലയിടങ്ങളിൽ പതിച്ചിരിക്കുന്നത് കാണപ്പെട്ടതായി റിപ്പോർട്ട്. പഞ്ചാബിലെ ഗുർദാസ്പൂർ എംപിയാണ് ഹിന്ദി നടനായ സണ്ണി ഡിയോൾ. 'കാണാതായ എം പി സണ്ണി ഡിയോളിനെ അന്വേഷിക്കുന്നു' എന്നാണ് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട പോസ്റ്ററിലെ വാചകങ്ങൾ. ഗുര്‍ദാസ്പൂരില്‍ എം.പിയായിരുന്ന സുനില്‍ ജക്കാറിനെ തോല്‍പ്പിച്ചാണ് നടനായ സണ്ണിഡിയോള്‍ ബിജെപി ടിക്കറ്റിൽ മണ്ഡലത്തില്‍ ജയിച്ചു കയറിയത്. 82,459 വോട്ടിനായിരുന്ന സണ്ണിഡിയോളിന്‍റെ വിജയം.
തുടർന്ന് തിരക്കായതിനാൽ തന്റെ അസാന്നിദ്ധ്യത്തിൽ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാനും യോഗങ്ങളിൽ പങ്കെടുക്കാനും പ്രതിനിധിയെ വച്ചതിനെ തുടർന്ന് സണ്ണി ഡിയോളിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. എഴുത്തുകാരനായ ഗുൽപ്രീത് സിംഗ് പൽഹേരിയെ ആണ് പ്രതിനിധിയായി സണ്ണി ഡിയോൾ ഏർപ്പെടുത്തിയത്. അതുപോലെ തന്നെ പാർലമെന്റിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കുറവായിരുന്നു. പാർലമെന്റിന്റെ ആദ്യ സെഷനിൽ വെറും ഒൻപത് ദിവസം മാത്രമാണ് അദ്ദേഹം ഹാജരായത്. 28 ദിവസം ഹാജരുണ്ടായിരുന്നില്ല.
'സണ്ണി ഡിയോളിനെ കാൺമാനില്ല എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ ഒട്ടും അത്ഭുതപ്പെടാനില്ല' എന്നായിരുന്നു കോൺഗ്രസ് നേതാവ് മനിഷ് തിവാരിയുടെ പ്രതികരണം. ''ബിക്കാനീറിൽ ഇതേ അവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ അച്ഛൻ ധർമേന്ദ്രയും നേരിട്ടത്. സുനിൽ ജക്കാറിനെ പോലെയുള്ള ഒരു നല്ല വ്യക്തിത്വം ഗുർദാസ്പൂർ നിവാസികൾക്ക് നഷ്ടമായി.'' മനീഷ് തിവാരി കൂട്ടിച്ചേർത്തു. കുടുംബത്തിൽ നിന്നും ബിജെപിയിലേക്കും രാഷ്ട്രീയത്തിലേക്കും എത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് സണ്ണി ഡിയോൾ. അച്ഛൻ ധർമേന്ദ്രയും രണ്ടാനമ്മയായ ഹേമമാലിനിയും ബിജെപി അംഗങ്ങളാണ്. നവംബറില്‍ കർത്താർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട പരിപാടികളിൽ സണ്ണി ഡിയോൾ നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കുകയും ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവക്കുകയും ചെയ്തിരുന്നു.
