ആഗ്ര: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിൽ സൈനിക സുരക്ഷ വർദ്ധിപ്പിച്ചു. ഇവിടെ പൂജ നടത്തുമെന്ന് ശിവസേന ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സുരക്ഷ വർദ്ധിപ്പിച്ചത്.

സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലിൽ ആരതി നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാൽ സംരക്ഷിത സ്മാരകമായ ഇവിടെ ഏത് തരത്തിലുള്ള പൂജ നടത്തുന്നതും വലിയ കുറ്റകൃത്യമാണ്.

ജൂലൈ 17 ന് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച ആഗ്ര ശിവസേന നേതാവ് വീണു ലവനിയയാണ് പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പുരാവസ്തുവകുപ്പ് സൂപ്രണ്ട് ഇതിനെ എതിർക്കുകയും ഇതുവരെ അവിടെ പൂജയോ ആരതിയോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

നഗരത്തിലെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ അഡിഷണൽ മജിസ്ട്രേറ്റ് കെപി സിംഗ് വ്യക്തമാക്കി.

താജ് മഹലിൽ പൂജ നടത്തുമെന്ന വെല്ലുവിളി ഇതാദ്യമായല്ല. കഴിഞ്ഞ വർഷം തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗമായ സ്ത്രീകൾ ഇവിടെ പൂജ നടത്തിയിരുന്നു. 2008 ൽ ശിവസേന പ്രവർത്തകർ താജ് മഹലിൽ പരികർമ്മ എന്ന പ്രാർത്ഥന നടത്തിയിരുന്നു. ഇത് പൊലീസ് കണ്ട് എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി.

തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന് മുകളിലാണ് ഷാജഹാൻ താജ് മഹൽ സ്ഥാപിച്ചതെന്നാണ് ശിവസേനയുടെ വാദം.