രാജ്യത്ത് 876 കേസുകളിലായി ഇതുവരെ പതിമൂവായിരം പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയെന്നാണ് കണക്ക്. ഭീമാകൊറേഗാവ് കേസിലും പ്രതികൾക്കെതിരെ രാജ്യദ്രോഹകുറ്റവും ചുമത്തപ്പെട്ടിരുന്നു. യുഎപിഎ വകുപ്പുകൾ കൂടിയുള്ളതിനാൽ പുതിയ ഉത്തരവ് കൊണ്ട് കാര്യമായി ഗുണം കിട്ടില്ലെന്ന് ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ഹാനി ബാബുവിന്‍റെയും വരവര റാവുവിന്‍റെയും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച് സുപ്രീംകോടതി ഉത്തരവ് വന്നതോടെ രാജ്യത്ത് ഇതുവരെ ഈ നിയമത്തിന്റെ പരിധിയിൽ വന്ന കേസുകളും ചർച്ചാവുകയാണ്. രാജ്യത്ത് 876 കേസുകളിലായി ഇതുവരെ പതിമൂവായിരം പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയെന്നാണ് കണക്ക്. ഭീമാകൊറേഗാവ് കേസിലും പ്രതികൾക്കെതിരെ രാജ്യദ്രോഹകുറ്റവും ചുമത്തപ്പെട്ടിരുന്നു. യുഎപിഎ വകുപ്പുകൾ കൂടിയുള്ളതിനാൽ പുതിയ ഉത്തരവ് കൊണ്ട് കാര്യമായി ഗുണം കിട്ടില്ലെന്ന് ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ഹാനി ബാബുവിന്‍റെയും വരവര റാവുവിന്‍റെയും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലയാളി അധ്യാപകൻ ഹാനി ബാബു, ആക്ടിവിസ്റ്റുകളായ സുധാ ഭരദ്വാജ്, ഗൗതം നവ്‍ലാഖ,,കവി വരവര റാവു, അങ്ങനെ ഒരു കൂട്ടം പേർക്ക് ഒരുമിച്ചാണ് ഭീമാ കൊറേഗാവ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ഈശോ സഭാ വൈദികൻ ഫാദർ സ്റ്റാൻ സ്വാമി കേസിൽ വിചാരണയ്ക്കിടെ ആരോഗ്യം ക്ഷയിച്ച് മരിച്ചു. എഴുന്നേൽക്കാൻ പോലും വയ്യാതായപ്പോൾ കവി വരവര റാവു ചികിത്സയ്ക്കായി കർശന നിബന്ധനകളോടെ താത്കാലിക ജാമ്യത്തിലാണ്.
2019ലെ കണക്ക് പ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തിയ കേസുകളിൽ ശിക്ഷിച്ചപ്പെട്ടത് 3.3 ശതമാനം മാത്രമാണ്. നീണ്ട വിചാരണകാലം കുറ്റാരോപിതർക്ക് ശിക്ഷയായി മാറുകയാണ്.കുറ്റം ചുമത്തപ്പെട്ടവർക്ക് താത്കാലിക ആശ്വാസം സുപ്രീംകോടതി ഇപ്പോൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും യുഎപിഎ പോലെ വകുപ്പുകൾ കൂടി ചുമത്തപ്പെട്ടതിനാൽ ആ ഫലം ഭീമാ കൊറേഗാവ് കേസിൽ കിട്ടാനിടയില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനാണ് ജെഎൻയുവിലെ വിദ്യാർഥി നേതാക്കളായിരുന്ന കനയ്യ കുമാറിനും ഒമർ ഖാലിദിനും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കർഷക സമരത്തെ പന്തുണയ്ക്കാൻ ടൂൾകിറ്റ് തയ്യാറാക്കിയെന്ന കുറ്റത്തിന് ദിശാ രവിക്കും, മലയാളി അഭിഭാഷക നികിതാ ജേക്കബിനും ഇതേ കുറ്റം ചുമത്തി. രാജ്യദ്രോഹകുറ്റത്തിനെ ദുരുപയോഗം ചെയ്യരുതെന്ന് താക്കീത് നൽകിയാണ് ദില്ലി ഹൈക്കോടതി ദിശയ്ക്ക് അന്ന് ജാമ്യം നൽകിയത്.
ഏറ്റവുമൊടുവിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവർ മഹരാഷ്ട്രയിലെ അമരാവതി എം പി നവനീത് റാണെയും ഭർത്താവുമായിരിക്കാം. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കലാപസാഹചര്യം ഉണ്ടാക്കിയെന്നാണ് ഇവർക്കെതിരായ കേസ്.
ചരിത്രവിധി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്
രാജ്യദ്രോഹനിയമം മരവിപ്പിച്ച് സുപ്രീംകോടതി (Supreme Court). 160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 A വകുപ്പ് ഒറ്റ ഉത്തരവിലൂടെ കോടതി മരവിപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 A പ്രകാരം രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിര്‍ത്തി വയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യദ്രോഹനിയമം പുനപരിശോധിക്കാമെന്ന് കോടതിയിൽ നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ അതുവരെ കേസുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നല്‍കിയിരുന്നു. കേസെടുക്കുന്നത് നിര്‍ത്തിവയ്ക്കാനാവില്ല എന്നാണ് കേന്ദ്രം രാവിലെ കോടതിയെ അറിയിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രം പറഞ്ഞു. അരമണിക്കൂറോളം ജഡ്ജിമാർ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബഞ്ച് നല്‍കിയത്.
Read Also: രാജ്യദ്രോഹകേസുകള്‍: ചരിത്രവിധിയിലേക്ക് കോടതി എത്തിയ വഴികള്‍
