ദനസരി അനസൂയ എന്നാണ് യഥാര്‍ത്ഥ പേര്. ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നതാണ് സീതാക്ക എന്ന പേര്.  തെലങ്കാനയിലെ ഗോത്രവര്‍ഗ കുടുംബത്തില്‍ 1971 ജൂലൈ ഒന്‍പതിനാണ് സീതാക്കയുടെ ജനനം.

ഹൈദരബാദിലെ എല്‍ബി സ്‌റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തിളങ്ങിയത് ഒരു വനിത എംഎല്‍എ. ചടങ്ങില്‍ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിക്ക് ലഭിച്ചതിനേക്കാളും കയ്യടി നേടിയത് സീതാക്കയാണ്. ജനങ്ങളുടെ ആവേശം കാരണം സത്യവാചകം ഏറ്റുചൊല്ലുവാന്‍ വയ്യാത്ത സ്ഥിതി വന്നപ്പോള്‍ ഗവര്‍ണര്‍ക്ക് വരെ ഇടപെടേണ്ടി വന്നു. ശാന്തരാകണമെന്ന് ആവശ്യപ്പെടേണ്ടി വന്നു. ആരാണ് തെലങ്കാനയുടെ സീതാക്ക.

ദനസരി അനസൂയ എന്നാണ് യഥാര്‍ത്ഥ പേര്. ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നതാണ് സീതാക്ക എന്ന പേര്. തെലങ്കാനയിലെ ഗോത്രവര്‍ഗ കുടുംബത്തില്‍ 1971 ജൂലൈ ഒന്‍പതിനാണ് സീതാക്കയുടെ ജനനം. തന്റെ കൗമാര കാലത്ത് പതിന്നാലാം വയസില്‍ നക്സല്‍ സംഘടനയുടെ ഭാഗമായി. ആയുധമെടുത്ത് ഭരണകൂടത്തിന് എതിരെ പോരാടി. നീണ്ട പതിനാല് കൊല്ലത്തോളം സീതാക്ക പോരാട്ട ജീവിതം നയിച്ചു. 14 കൊല്ലത്തിനു ശേഷം നക്‌സല്‍ പ്രസ്ഥാനവും സായുധ പോരാട്ടവും ഉപേക്ഷിച്ചു. 

1994 നിയമത്തിന് മുന്നില്‍ കീഴടങ്ങിയ സീതാക്ക സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. അതിനിടെ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകയായി. 2009-ലാണ് ആദ്യമായി എംഎല്‍എ ആകുന്നത് ടിഡിപിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. 2004ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2014ല്‍ വീണ്ടും മത്സരിച്ചെങ്കിലും ബിആര്‍എസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.

2017ല്‍ ടിഡിപി വിട്ട സീതാക്ക കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ കോണ്‍ഗ്രസിനായി മത്സരിച്ച് വിജയിച്ചു. 2023ലും മുലുഗു മണ്ഡലത്തില്‍ സീതാക്ക വിജയം നേടി. തോക്ക് ഉപേക്ഷിച്ച് പുസ്തകം കയ്യില്‍ പിടിച്ച സീതാക്ക നിയമ പഠിച്ച് അഭിഭാഷകയായി. തന്റെ 51-ാം വയസില്‍ ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. കോയ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥ ആയിരുന്നു ഗവേഷണ വിഷയം .

YouTube video player

കൊവിഡ് കാലത്ത് തന്റെ മണ്ഡലത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി സീതാക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വനാന്തരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ട്രാക്ടറില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കി. അതിനും സാധിക്കാത്ത പ്രദേശത്ത് കാടിനുള്ളിലൂടെ നടന്നും തലച്ചുമടായും അവശ്യവസ്തുക്കള്‍ ആദിവാസി കുടുംബങ്ങള്‍ക്കായി എത്തിച്ച് നല്‍കി. സീതാക്കയെ സ്‌നേഹിക്കുന്ന തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആഘോഷത്തിന്‍റെ സമയമാണ്. നക്‌സല്‍ കാലത്ത് പൊലീസുമായുള്ള പോരാട്ടത്തില്‍ ഭര്‍ത്താവിനെയും സഹോദരനെയും നഷ്ടപ്പെട്ട സീതാക്ക തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനം ഭരിക്കുന്ന മന്ത്രിയായിരിക്കുന്നു.