സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ദില്ലി: ദില്ലി സ്ഫോടനക്കേസിലടക്കം അറസ്റ്റിലായവരിൽ നിന്ന് ജമ്മു കശ്മീർ പൊലീസ് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നൗ​ഗാം പൊലീസ് സ്റ്റേഷനിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (എഫ്എസ്എൽ) സംഘവും പൊലീസും സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (SKIMS) പ്രവേശിപ്പിച്ചിട്ടുണ്ട്. 

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നൗഗാമിലെത്തി പ്രദേശം വളഞ്ഞു. നൗഗാമിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ആണ് പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ പോസ്റ്ററുകൾ പതിച്ചുവെന്ന കേസ് കണ്ടെത്തിയത്. തുടർന്ന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെ പൊലീസ് പിടികൂടി. പിന്നാലെ നവംബർ 10ന് ദില്ലി ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടന്നു. ഏകദേശം 3000 കിലോയിലേറെ അമോണിയം നൈട്രേറ്റാണ് പിടികൂടിയിരുന്നത്.