ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടുന്ന പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാർഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്‍മെന്‍റുകളുടെ വാദം സുപ്രീംകോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. 

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ എംഇഎസ് മെഡിക്കൽ കോളേജ്, പി.കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി എം വയനാട് എന്നീ സ്ഥാപനങ്ങളാണ് ഹർജികൾ നൽകിയത്. മെറിറ്റല്ല, വാര്‍ഷിക വരുമാനമായിരിക്കണം ഫീസിളവിന്‍റെ മാനദണ്ഡമെന്നതാണ് സ്ഥാപനങ്ങളുടെ വാദം.

എന്നാൽ മെറിറ്റ് തന്നെയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് സംസ്ഥാനസർക്കാരും കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് നേരത്തേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സർക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇതിനെതിരെ മാനേജ്‍മെന്‍റുകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.