ഭോപ്പാൽ: നദിയിലിറങ്ങി സെൽഫി എടുക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ പെട്ട് പെൺകുട്ടികൾ. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് സംഭവം. പിന്നാലെ പൊലീസും നാട്ടുകാരുമെത്തി രണ്ട് പെൺകുട്ടികളെയും രക്ഷിക്കുകയായിരുന്നു.

ജുനാർദോവിൽ നിന്നും ആറ് പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘം ഉല്ലാസ യാത്രയുടെ ഭാ​ഗമായാണ് പേഞ്ച് നദിക്കരയിലെത്തിയത്. ഇവരില്‍ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നിവർ സെൽഫി എടുക്കുന്നതിനായി നദിയുടെ നടുക്ക് പോയി. ഇവർ പോയ സമയത്ത് വെള്ളം ഇല്ലായിരുന്നുവെന്നും പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയുമായിരുന്നുവെന്നും പൊലീസ് സബ് ഡിവിഷണൽ ഓഫീസർ എസ് കെ സിങ് പറഞ്ഞു. 

ഇരുവരും കുടുങ്ങിയതോടെ സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ 12 അം​ഗ പൊലീസ് സംഘം സ്ഥലത്തെത്തി. ഈ സമയം കുട്ടികൾ നദിയിലെ പാറക്കെട്ടിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും കൂടി സഹായത്തോടെയാണ് പൊലീസ് ഇവരെ പുറത്തെത്തിച്ചത്.