കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാൻ സാധിക്കുന്ന ഒരേയൊരു പാർട്ടി തൃണമൂൽ ആണെന്ന് ഇദ്ദേഹം പിന്നീട് പറഞ്ഞു.

മുൻപ് പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിക്കൊപ്പം നിയമസഭയിലെത്തിയാണ് ഇദ്ദേഹം മമത ബാനർജിയെ കണ്ടത്. മിശ്രയ്ക്ക് തൃണമൂൽ കോൺഗ്രസിന്റെ അദ്ധ്യാപക ഫോറത്തിന്റെ ചുമതല നൽകിയതായി മമത ബാനർജി പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം മിശ്ര രാജിവച്ചിരുന്നു. 2014 ൽ നാല് അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് സംസ്ഥാനത്ത് ഇക്കുറി രണ്ട് പേരെ മാത്രമാണ് വിജയിപ്പിക്കാനായത്.