30 വർഷത്തോളം നീളുന്ന തെരഞ്ഞെടുപ്പ് കരിയറിന് തിരശീലയിടുന്നുവെന്നും കൃഷ്ണ നഗറിലെ ഇഎൻടി ക്ലിനിക് തന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നുവെന്നും ഹർഷ് വർധൻ 'എക്സ്' പോസ്റ്റിൽ പറയുന്നു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ 30 വർഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ രാഷ്ട്രീയം മതിയാക്കുകയാണെന്ന് ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. 30 വർഷത്തോളം നീളുന്ന തെരഞ്ഞെടുപ്പ് കരിയറിന് തിരശീലയിടുന്നുവെന്നും കൃഷ്ണ നഗറിലെ ഇഎൻടി ക്ലിനിക് തന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നുവെന്നും ഹർഷ് വർധൻ 'എക്സ്' പോസ്റ്റിൽ പറയുന്നു.

അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവലണ ലോക്സഭയിലേക്കും ജയിച്ച ഹർഷ് വർധൻ നിലവിൽ ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള എംപിയാണ്. എന്നാൽ കഴിഞ്ഞ ദിവസം ബിജെപി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യപിച്ചപ്പോൾ ലിസ്റ്റിൽ ഹർഷ് വർധൻ ഇടം പിടിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേൽവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്. ഇതിന് പിന്നാലെയാണ് താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്നും ചികിത്സാ രംഗത്തേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയത്.

50 വർഷം മുമ്പ് കാൺപൂരിലെ ജിഎസ്‌വിഎം മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നപ്പോൾ ദരിദ്രരേയും സാധാരണക്കാരെയും സഹായിക്കുകയും സേവനം ചെയ്യുകയുമായിരുന്നു ലക്ഷ്യം. ഹൃദയത്തിൽ ഒരു സ്വയംസേവകൻ എന്നുമുണ്ടായിരുന്നു. അന്നത്തെ ആർഎസ്എസ് നേതൃത്വത്തിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ്തെരഞ്ഞെടുപ്പ് രംഗത്തേക്കെത്തിയത്. ദില്ലിയുടെ ആരോഗ്യമന്ത്രിയായും രണ്ടുതവണ കേന്ദ്ര ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. പോളിയോ വിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനായി ആദ്യ പ്രവർത്തനം നടത്താനും കൊവിഡ് മഹാമാരിയെ ചെറുക്കാനും രാജ്യത്തെ പരിപാലിക്കാനും അവസരം ലഭിച്ചു- ഹർഷ് വർധൻ കുറിച്ചു.

Scroll to load tweet…

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യാത്രയിൽ എന്നോടൊപ്പം നിന്ന പ്രവർത്തകർക്കും നേതാക്കൾക്കും നന്ദിയുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിക്കാനായി എന്നത് മഹത്തായ നേട്ടമായി ഞാൻ കരുതുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ വീണ്ടുമൊരു വീരോചിതമായ തിരിച്ചുവരവുണ്ടാകുമെന്ന് ആശംസിക്കുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്, പുകയിലയുടേയും ലഹരിവസ്തുക്കളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കെതിരെ നിരന്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും, കൃഷ്ണ നഗറിലെ എന്‍റെ ഇഎൻടി ക്ലിനിക്കും തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്- ഹർഷ് വർധൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Read More : അപ്രതീക്ഷിതം, ആ 6 പേരിൽ പ്ര​ഗ്യാ സിങ് ഠാക്കൂറും; ഭോപ്പാലിൽ ഇക്കുറി പ്ര​ഗ്യയുടെ പേര് വെട്ടി ബിജെപി