​ഗുരു​ഗ്രാം: മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്നാണ് മരണം. ബുധനാഴ്ച പുല‍ർച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. 

യുപിഎ സ‍ർക്കാ‍ർ അധികാരത്തിലിരുന്ന പത്ത് വ‍ർഷവും പാ‍ർട്ടിയുടേയും സർക്കാരിലേയും നി‍ർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ​ഗാന്ധി-നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാ‍ർട്ടിയുടെ ട്രഷറ‍റായി ചുമതലയേറ്റിരുന്നു. 

​ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാ‍ർലമെൻ്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓ​ഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്. 

​ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നും 1976-ലാണ് കൗൺസിലറായി അഹമ്മദ് പട്ടേൽ രാഷ്ട്രീയരം​ഗത്തേക്ക് വരുന്നത്. ​ഗാന്ധി - നെഹ്റു കുടുംബവുമായുള്ള ബന്ധത്തിൻ്റെ പുറത്ത് പിൻക്കാലത്ത് അദ്ദേഹം കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ നി‍ർണായക ശക്തിയായി ഉയ‍ർന്നു വരികയായിരുന്നു. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുൻപ് 1985-ൽ അദ്ദേഹം രാജീവ് ​ഗാന്ധിയുടെ പാ‍ർലമെൻ്റെ സെക്രട്ടറിയായി നിയമിതനായിരുന്നു. 

2004-ൽ യുപിഎ അധികാരത്തിൽ എത്തിയപ്പോൾ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സ‍ർക്കാരിൻ്റേയും മുന്നണിയുടേയും നടത്തിപ്പിൽ അദ്ദേഹം നി‍ർണായക പങ്കുവഹിച്ചു. കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ നി‍ർണായക ശക്തിയായിരുന്നുവെങ്കിലും കോൺ​ഗ്രസ് ഭാ​ഗമായ ഒരു സ‍ർക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നിൽക്കുന്നു. 

ഈ വർഷം ഒക്ടോബ‍ർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് പൊസീറ്റിവായെന്നും ഈ സാഹചര്യത്തിൽ താനുമായി സമ്പ‍ർക്കം പുല‍ർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊവിഡിനെ തുട‍ർന്ന് ആരോ​ഗ്യനില വഷളായ അഹമ്മദ് പട്ടേലിനെ നവംബ‍ർ 15-നാണ് ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുട‍ർന്ന് അഹമ്മദ് പട്ടേൽ ഇന്ന് പുല‍ർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.