പരാഗ് ജെയിൻ ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
ദില്ലി: റോയുടെ പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനെ കേന്ദ്രസർക്കാർ നിയമിച്ചു. 1989 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. നിലവിൽ റോയുടെ കീഴിലുള്ള ഏവിയേഷൻ റിസർച്ച് സെന്ററിന്റെ മേധാവിയായ പരാഗ് ജെയിൻ ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പരാഗ് ജെയിൻ സ്ഥാനമേറ്റെടുക്കും.
നിലവിലെ സെക്രട്ടറി രവി സിൻഹയുടെ കാലാവധി തിങ്കളാഴ്ച പൂർത്തിയാകും. ഇതോടെയാണ് അടുത്ത മേധാവിയായി പരാഗ് ജെയിനെ നിയമിച്ചത്. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്‍ററിന്‍റെ തലവനാണ് പരാഗ് ജെയിൻ. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാകിസ്ഥാനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.
മുന്‍പ് ചണ്ഡീഗഢ് എസ്എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരാഗ്, ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായിട്ടുണ്ട്. റോ മേധാവിയായി ജൂലയ് ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന്‍റെ സേവന കാലയളവ് രണ്ടുവര്‍ഷമായിരിക്കും.


