Asianet News MalayalamAsianet News Malayalam

നാവികസേനയുടെ രഹസ്യം ചോര്‍ത്തിയത് പാകിസ്ഥാന് വേണ്ടിയോ? അന്വേഷിക്കാന്‍ എന്‍ഐഎ

രഹസ്യ വിവരങ്ങൾ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടിയാണ് ചോര്‍ത്തിയതെന്ന സൂചന ലഭിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ കൈമാറിയത്.

sensitive information leaked in indian navy NIA investigation
Author
Delhi, First Published Dec 30, 2019, 11:51 AM IST

ദില്ലി: നാവികസേനയിലെ നിര്‍ണായക വിവരങ്ങള്‍ പാക് ചാരഏജൻസിയായ ഐഎസ്ഐക്ക് ചോർത്തിയ കേസ് അന്വേഷിക്കാൻ എൻഐഎ. സമൂഹമാധ്യമങ്ങൾ വഴി നാവികസേനയുടെ നിര്‍ണായക വിവരങ്ങൾ ഉദ്യോഗസ്ഥരടക്കം ഇടപെട്ട് ചോർത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുന്നത്. 

രഹസ്യവിവരങ്ങൾ പാക് രഹസ്യാന്വേഷണഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടിയാണ് ചേര്‍ത്തിയതെന്ന വ്യക്തമായ വിവരങ്ങൾ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വിവരങ്ങള്‍ കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് ഉദ്യോഗസ്ഥരും മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലാണ്. കഴിഞ്ഞ ഇരുപതാം തീയതിയാണ് വിശാഖപട്ടണത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.

Read More: നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു; നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം

അതിനിടെ വിവരങ്ങള്‍ ചോര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകൾക്കാണ് നിരോധനം. ഡിസംബര്‍ 27 നാണ് ഇത് സംബന്ധിച്ച ഉത്തരവ് നാവിക സേന പുറപ്പെടുവിച്ചത്. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക്  ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്‌സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിർണ്ണായക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെയും ഇത്തരം സംഭവങ്ങള്‍ സേന വിഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2005 ല്‍ എയര്‍ ഫോഴ്സ് വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios