അലിഗഞ്ച് തീപിടിത്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടത്തൽ. 2016ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു.

ലഖ്നൗ: ലഖ്നൗവിലെ അലിഗഞ്ചിൽ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ദുരന്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടത്തൽ. 2016ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തം ഉണ്ടായ കെട്ടിടം പൊളിച്ച് നീക്കാനും ഉത്തരവിട്ടു. ലഖ്നൗ വികസന അതോറിറ്റി ആണ് നോട്ടീസ് നൽകിയത്. പാർപ്പിട ആവശ്യങ്ങൾക്കായി അനുമതി എടുത്ത കെട്ടിടമാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിന് പിന്നാലെ സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടത്തിയത്. 2014ലാണ് പാർപ്പിട ആവശ്യങ്ങൾക്കായി ഈ കെട്ടിടത്തിന് അനുമതി എടുത്തത്. എന്നാൽ, പിന്നീട് ഈ കെട്ടിടം നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരികയായിരുന്നു. 2016ൽ കെട്ടിടത്തിലെ അനധികൃത നിർമ്മാണം കണ്ടത്തിയ ലഖ്‌നൗ വികസന അതോറിറ്റി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടു. എന്നാൽ, വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ ഉത്തരവ് ദുരൂഹ സാഹചര്യത്തിൽ പിൻവലിക്കപ്പെട്ടു. കെട്ടിടത്തിൽ നിലവിൽ പ്രവർത്തിച്ചിരുന്ന ആനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ടും പെറ്റ് ഷോപ്പും ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും കണ്ടത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ സ്ഥാപനങ്ങളുടെ ഉടമകളായ രാമകൃഷ്ണ ഉപാധ്യായ, സുരേഷ് കുമാർ സാഹു, തുഷോക് കൃഷ്ണ ജയ്‌സ്വാൾ, കെട്ടിട ഉടമയായ വീരേന്ദ്ര പ്രസാദ് ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപോയ രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഇതിനുപുറമെ, കൃത്യവിലോപം നടത്തിയ നാല് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാനും സർക്കാർ ഉത്തരവിട്ടു. അനധികൃതമായി പ്രവർത്തിക്കാൻ ഒത്താശ ചെയ്ത എൻജിനീയർമാർ ഉൾപ്പെടെ 16 പേർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം പട്ടിക തയാറാക്കി വരികയാണ്. തിങ്കളാഴ്ച്ച മൂന്ന് മണിയോടെയാണ് അലിഗഞ്ചിലെ ഉഷ മേത്ത മാർഗിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. എസി ഡക്റ്റിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചു പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. പുക നിറഞ്ഞതിനെത്തുടർന്ന് ശ്വാസംമുട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നും കെട്ടിടത്തിൽ കൃത്യമായ എക്സിറ്റ് റൂട്ടുകൾ ഇല്ലാതിരുന്നതിനാൽ ഉള്ളിൽ കുടുങ്ങിയവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News