ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർ‍ണമായും ട്രക്കിന്റെ അടിയിൽ കുടുങ്ങിപ്പോയി. പിന്നീട് ക്രെയിൻ എത്തിച്ചാണ് ട്രക്ക് ഉയർത്തിയത്.

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദാമോയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ദാമോ - കട്നി സംസ്ഥാന പാതയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടമുണ്ടായത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ട്രക്കിന് അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘമെത്തി ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തിയാണ് ഓട്ടോറിക്ഷ പുറത്തെടുത്തത്. അഞ്ച് പേർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിയ ശേഷം മരണപ്പെട്ടു. മൂന്ന് പേർ ഇപ്പോൾ ചികിത്സയിലുണ്ട്. അപകടത്തെ തുടർന്ന് ജില്ലാ കളക്ടറും എസ്.പിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ജബൽപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അനുവദിക്കാൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നൽകി. സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 22 വയസുകാരനായ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്വബോധത്തിലാല്ലാതിരുന്നതിനാൽ ഇയാളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസിന് ആദ്യ ഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം