കൊൽക്കത്ത: നടിയും മോഡലുമായ ഉശോഷി സെൻ​ഗുപ്തയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. നടിയുടെ പരാതിയിൽ മേലാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. ടാക്സി കാറിൽ സഞ്ചരിക്കുന്നതിനിടെ പ്രതികൾ ഉശോഷിയുടെ കാർ തടഞ്ഞ് വച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊൽക്കത്തയിൽ തിങ്കളാഴ്ച രാത്രി 11.40ഓടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ വീഡിയോ ഉൾപ്പടെയുള്ള കുറിപ്പ് ഉശോഷി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം യൂബർ ടാക്സിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഉശോഷി. വഴിയിൽവച്ച് കുറച്ച് യുവാക്കൾ ഉശോഷി സ‍ഞ്ചരിച്ച കാർ പിന്തുടരുകയും ഇടയ്ക്ക് വച്ച് കാർ തടയുകയും ചെയ്തു. യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യാനെത്തിയ ടാക്സി ഡ്രൈവറെ യുവാക്കൾ ചേർ‌ന്ന് ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഉശോഷി തന്റെ ക്യാമറയിൽ പകർത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് വിവരമറിയിക്കുന്നതിനായി ഉശോഷി കാറിൽനിന്ന് ഇറങ്ങിയോടി അടുത്തുള്ള മൈതാൻ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ഒരുകൂട്ടം യുവാക്കൾ ചേർന്ന് ടാക്സി ഡ്രൈവറെ മർദ്ദിക്കുകയാണെന്നും അദ്ദേഹത്തെ അവർ കൊല്ലുമെന്നും തനിക്കൊപ്പം വന്ന് ഡ്രൈവറെ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും പൊലീസുകാർക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ലെന്ന് ഉശോഷി ആരോപിച്ചു. അവസാനം സ്റ്റേഷന്റെ മുന്നിൽനിന്ന് താൻ കരഞ്ഞപ്പോഴാണ് തനിക്കൊപ്പം വരാമെന്ന് പൊലീസ് സമ്മതിച്ചതെന്ന് ഉശോഷി പറഞ്ഞു. 

എന്നാൽ പൊലീസിനെ കണ്ടതും യുവാക്കൾ ചേർന്ന് അവരെ തള്ളി മാറ്റി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തന്നെയും സുഹൃത്തിനെയും വീട്ടിൽ കൊണ്ടുവിടണമെന്ന് ഉശോഷി ഡ്രൈവറോട് ആവശ്യപ്പെട്ടു. നാളെ രാവിലെ വന്ന് യുവാക്കൾക്കെതിരെ പരാതി നൽകാമെന്ന് പൊലീസിനോടും പറഞ്ഞ് ഉശോഷി സംഭവസ്ഥലത്തുനിന്ന് മടങ്ങി.

അങ്ങനെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയിരുന്നപ്പോഴാണ് അതെയുവാക്കൾ വീണ്ടും തങ്ങളെ പിന്തുടർന്നത് ശ്രദ്ധയിൽപ്പെട്ടത്. സുഹൃത്തിനെ വീട്ടിൽ ഇറക്കിയതിന് ശേഷം വഴിയിൽവച്ച് യുവാക്കൾ കാർ തടഞ്ഞുവയ്ക്കുകയും കാറിന് നേരെ കല്ലെറിയുകയും ഉശോഷിയെ  കാറിൽനിന്ന് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. തന്റെ കയ്യിൽനിന്ന് മൊബൈൽ പിടിച്ച് വാങ്ങാനും വീഡിയോ നീക്കം ചെയ്യാനും യുവാക്കൾ ആവശ്യപ്പെട്ടു. അതിനിടിയിൽ യുവാക്കളുടെ മർദ്ദനം ഭയന്ന് സുഹൃത്ത് ഓടിരക്ഷപ്പെട്ടു. പിന്നീട് നടുറോഡിൽ വച്ച് നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടികൂടുകയും തന്നെ രക്ഷപ്പെടുത്തുകയുമായിരുന്നുവെന്ന് ഉശോഷി പറഞ്ഞു. 

തുടർന്ന് രക്ഷിതാക്കളെയും കൂട്ടി ഉശോഷി യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. ഉശോഷി പകർത്തിയ വീഡിയോയും സിസിടിവി ദൃശ്യങ്ങളും ഉപയോ​ഗിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ തന്റെ പരാതിക്കൊപ്പം സമർപ്പിച്ച ഡ്രൈവറുടെ പരാതി പൊലീസ് വാങ്ങിയില്ലെന്നും ഉശോഷി ആരോപിച്ചു. 2010-ൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.