തെറിവിളിക്കുകയും ചെരുപ്പ് കൊണ്ട് മർദ്ദിക്കുകയും ചെയ്തെന്ന് കാണിച്ച് കല്ല് പണിക്കാരായ നാല് തൊഴിലാളികൾ നൽകിയ പരാതിയിൽമേലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. 

ബറേലി: ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തെറിവിളിക്കുകയും ചെരുപ്പ് കൊണ്ട് മർദ്ദിക്കുകയും ചെയ്തെന്ന് കാണിച്ച് കല്ല് പണിക്കാരായ നാല് തൊഴിലാളികൾ നൽകിയ പരാതിയിൽമേലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച അക്രമണത്തിന്റെ വീഡിയോയിൽനിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. 

ഉത്തർപ്രദേശിലെ ബറേലിയിൽ ശനിയാഴ്ച്ചയാണ് സംഭവം. വീട് പണിയെടുക്കുന്നതിനായി ബഹേരിയിലെത്തിയ യുവാക്കൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി മരച്ചുവട്ടിലെ പ്രതിഷ്ഠാസ്ഥാനത്തിന് സമീപത്തായിരുന്നു ഇരുന്നത്. ഇത് കാണാനിടയായ അക്രമി സംഘം ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്നാരോപിച്ച് യുവാക്കളെ ചെരുപ്പ് ഉപയോ​ഗിച്ച് പൊതിരെ തല്ലുകയായിരുന്നു. 

Scroll to load tweet…

എന്നാൽ തങ്ങൾ മാംസാഹാരം കഴിച്ചിട്ടില്ലെന്നും സസ്യാഹാരം കഴിക്കുന്നതിനിടെയാണ് കുറച്ച് യുവാക്കൾ സ്ഥലത്തെത്തി തങ്ങളെ മർദ്ദിച്ചതെന്നും തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. അതേസമയം തൊഴിലാളികളിൽ രണ്ട് പേർ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരാണ്. ചിലപ്പോൾ അതായിരിക്കാം ആക്രമണത്തിന് പിന്നിലെ കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം.