തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർ ലയിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തത് 2023ൽ. ബംഗാളിലെ വിലാസത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടി അതേ വർഷം ത്രിപുരയിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 

ദില്ലി: തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർ ലയിക്കുന്നത് തെരഞ്ഞെടുപ്പിൽ ഇതുവരെ ഒരു ചലനവും ഉണ്ടാക്കാത്ത രാഷ്ട്രീയ പാർട്ടിയിൽ. പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) യിലാണ് വിമതപക്ഷം ചേക്കേറുന്നത്. 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപായിരുന്നു എൻസിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തത്. ത്രിപുരയിൽ കന്നിയങ്കത്തിന് ഇറങ്ങിയെങ്കിലും പാർട്ടി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2023 ഫെബ്രുവരി 20നാണ് എൻസിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനിൽ 'രജിസ്റ്റേർഡ് അൺറെക്കഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടി'യായി രജിസ്റ്റർ ചെയ്തത്. ബംഗാളിലെ ഹൗറ ജില്ലയിലുള്ള ബനിപൂരിലെ വിലാസത്തിലാണ് എൻസിപിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പ്രകാരം, പാർട്ടിക്കാകെ 1.13 ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചത്.

ഉട്ടിയ കുണ്ടു ആണ് എൻസിപിഐ പ്രസിഡൻ്റ്. ഇയാളുടെ ഭാര്യ ഷൗളി കുണ്ടു ആണ് പാർട്ടി ട്രഷറർ. എൻസിപിഐയുടെ അതേ വിലാസത്തിൽ രജിസ്റ്റർ ചെയ്ത ബിശ്വബസാർ പ്രൈവറ്റ് ലിമിറ്റഡ്, പശ്ചിം ബംഗ അസംഘടിത മഹിള കർമ അസോസിയേഷൻ എന്നീ സംഘടനകളുടെ ഡയറക്ടർ കൂടിയാണ് ഷൗളി കുണ്ടു. ഉട്ടിയ കുണ്ടുവിൻ്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ബം​ഗാളിലാണ് രജിസ്റ്റർ ചെയ്തതെങ്കിലും ത്രിപുരയിലാണ് എൻസിപിഐ ആദ്യമായി മത്സരിച്ചത്. സംസ്ഥാനത്തെ ഏഴ് സീറ്റുകളിൽ മത്സരിക്കാനായി എൻസിപിഐ സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും നാല് പത്രികകൾ തള്ളി.

ഒടുക്കം രണ്ട് സ്ഥാനാ‍ർത്ഥികൾ മാത്രമാണ് മത്സരരം​ഗത്ത് ഉണ്ടായിരുന്നത്. ഇരുവരും ചേർന്ന് നേടിയത് 822 വോട്ട് മാത്രം. പാർട്ടി സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് കൂടി ചേർത്താൽ എൻസിപിഐക്ക് ത്രിപുരയിൽ നേടാനായത് 1,198 വോട്ട് മാത്രം. തെരഞ്ഞെടുപ്പിന് ശേഷം പാ‍ർട്ടി നേതാക്കളെക്കുറിച്ച് സ്ഥാനാർത്ഥികൾക്ക് ഒരു അറിവുമില്ലെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം അവർ കട പൂട്ടി പോയെന്നും അവരുമായുള്ള ബന്ധം നഷ്ടമായെന്നും സ്ഥാനാ‍ർത്ഥികൾ പറ‍ഞ്ഞു. നിലവിൽ ത്രിപുരയിൽ പാർട്ടിക്ക് സംസ്ഥാന പ്രസിഡൻ്റ് പോലുമില്ല.

ബംഗാളിൽ 2023ൽ നടന്ന ​തദ്ദേശ തെരഞ്ഞെടുപ്പിലും ഈ വ‍ർഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പിലും എൻസിപിഐ മത്സരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാത്ത എൻസിപിഐയിലേക്ക് തൃണമൂൽ കോൺ​ഗ്രസിലെ മൂന്നിൽ രണ്ട് എംപിമാരാണ് ചേക്കേറുന്നതെന്നാണ് ശ്രദ്ധേയം. ലോക്സഭാ സ്പീക്ക‍ർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തിയ എംപിമാർ സഭയിൽ പ്രത്യേക ഇരിപ്പിടവും തേടിയിട്ടുണ്ട്.