സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധികൃതരോട് വിശദീകരണം തേടി. രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. 

ഭോപ്പാല്‍: മധ്യപ്രദേശില്‍ (Madhyapradesh) നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ (Tunnel) ഒമ്പത് തൊഴിലാളികള്‍ (Labourers) അകപ്പെട്ടു. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാര്‍ഗി കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തുരങ്കമാണ് തകര്‍ന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശിക ഭരണകൂടവും സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജബല്‍പുരില്‍ നിന്നാണ് എസ്ഡിഇആര്‍എഫ് ടീം എത്തിയത്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മധ്യപ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് രജോറയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. മറ്റൊരു കുഴി നിര്‍മിച്ചാണ് രണ്ടുപേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് രാജേഷ് രജോറ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധികൃതരോട് വിശദീകരണം തേടി. രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.