ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം, കൈകൾ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ മൂന്നിലൊന്നിൽ കൂടുതലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേർ മഹാരാഷ്ട്രയിലാണുള്ളത്. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്നാട്ടിൽ 51,765 പേരും, കർണ്ണാടകയിൽ 47,075 പേരും,  ആന്ധ്രയിൽ 31,763ഉം, തെലങ്കാനയിൽ 11,155ഉം, കേരളത്തിൽ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്. അതായത് രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിൽ ഒന്നിൽ കൂടുതൽ രോഗികൾ അഞ്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേർ മഹാരാഷ്ട്രയിൽ ആണെന്നിരിക്കെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം കൂടി 30 ശതമാനം രോഗികൾ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയിൽ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തിൽ ഇന്ത്യയ്ക്കും ബ്രസിലിനുമിടയിൽ ഒരു ലക്ഷത്തിൻറെ വ്യത്യാസം മാത്രമാണുള്ളത്. 

സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങൾ ലോക്ഡൌണിനെക്കുറിച്ച് ആലോചിക്കുന്നത്. മണിപ്പൂർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ആഴ്ചയിൽ രണ്ടു ദിവസം ലോക്ക്ഡൗണാണ്. എന്നാൽ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന നിർദ്ദേശത്തോട് തൽക്കാലം കേന്ദ്രത്തിന് യോജിപ്പില്ല. കൊവിജ് വാക്സിൻ നവംബറോടെ ആയിരം രൂപ നിരക്കിൽ ലഭ്യമാക്കാനാകും എന്ന സൂചനകളിലാണ് ഇനി എല്ലാ പ്രതീക്ഷയും.

എന്നാൽ രാജ്യത്ത് വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രണങ്ങളോടെ മുന്നോട്ടു കൊണ്ടുപോകും എന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും. സംസ്ഥാനങ്ങളിൽ ആൾക്കൂട്ടമില്ലാതെ ആഘോഷം നടത്തുമ്പോഴും കൊവിഡ് മുന്നണി പോരാളികളെയും രോഗം ഭേദമായ ചിലരെയും ക്ഷണിക്കണം എന്നാണ് നിർദ്ദേശം.