നിയമവിരുദ്ധവും നിയന്ത്രണാതീതവുമായ ഖനനം മൂലം മേഘാലയയില്‍  ഗുരുതരമായ വായു, ജലം, പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നതായി കംപ്‌ട്രോളര്‍  ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.  സമുദ്രനിരപ്പില്‍ നിന്ന് 6,400 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മേഘാലയയിലെ കല്‍ക്കരി ഖനികളെക്കുറിച്ചാണ് സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം. നിരന്ത പരാതികളെത്തുടര്‍ന്ന് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് ഈ ഖനികളില്‍ താല്‍ക്കാലികമായി ഖനനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എങ്കിലും, നിയമം ലംഘിച്ച് ഇവിടെ നിരവധി ഖനികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടെ, നിയന്ത്രണങ്ങളോടെ ഖനനം വീണ്ടും തുടങ്ങുന്നതിന് സുപ്രീം കോടതി ഈയടുത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നത്. 

പാരിസ്ഥിതിക അനുമതി, വനംവകുപ്പ് അനുമതി, വന്യജീവി വകുപ്പിന്റെ അനുമതി, മേഘാലയ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകളൊന്നും ഇല്ലാതെയാണ് ഇവിടെ ഖനനം നടത്തുന്നതെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.  മേഘാലയയുടെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന ഈ സാഹചര്യം ഖനന വകുപ്പും സംസ്ഥാന സര്‍ക്കാരും അവഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കല്‍ക്കരിയാണ് മേഘാലയയിലെ പര്‍വ്വതമേഖലകളിലെ പ്രധാന നിക്ഷേപം. കുന്നുകള്‍ക്കുള്ളിലാണ് സാധാരണ ഇത്തരം നിക്ഷേപങ്ങള്‍ കാണാറ്. കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് അഞ്ച് മുതല്‍ 100 മീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കുമ്പോള്‍ ഈ കല്‍ക്കരി നിക്ഷേപത്തിന്റെ മുകളിലെത്തും. കല്‍ക്കരി കണ്ടുതുടങ്ങുമ്പോള്‍ തൊഴിലാളികള്‍ തിരശ്ചീനമായി ടണലുകളുണ്ടാക്കി കുന്നിന്‍ ചെരിവുകളിലേക്ക് എത്തിച്ചേരും. തുടര്‍ന്ന്, കുഴിച്ചെടുക്കുന്ന കല്‍ക്കരി ആ ടണലുകളിലൂടെ പുറത്തെടുക്കും. കുന്നിന്റെ തൊട്ടടുത്ത് കിടക്കുന്ന സമതലപ്രദേശങ്ങളില്‍ ഈ കല്‍ക്കരി കൊണ്ടിട്ട്, പിന്നീട് വലിയ ഡംപര്‍ ട്രക്കുകളില്‍ അത് തീവണ്ടികളിലേക്കെത്തിച്ച് അവിടെ നിന്നും ഫാക്ടറികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മേഘാലയയില്‍ അങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള ഖനികളുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ജയന്തിയാ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ്, ഭാഗമാര, നന്ദല്‍ ബിബ്‌റ, നോണ്‍ഗ്ജ്രി, പടിഞ്ഞാറന്‍ ഖാസി ഹില്‍സ് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

2014ലാണ് 'അശാസ്ത്രീയമായാണ് പ്രവര്‍ത്തനം' എന്ന കാരണത്താല്‍ ദേശീയ ഹരിത ട്രിബ്യുണല്‍ മേഘാലയയിലെ ഖനനം അപ്പാടെ നിരോധിച്ചത്. എന്നാല്‍, ഖനന ലോബിയുടെ കടുത്ത പ്രതിഷേധത്തിന് വഴങ്ങി, അന്നുവരെ ഖനനം നടത്തിയ കല്‍ക്കരി പുറത്തേക്ക് കൊണ്ടുപോവാന്‍ അനുവാദം നല്‍കി ഉത്തരവുണ്ടായി.  ഈ അനുവാദത്തിന്റെ മറവില്‍ഈ ഖനികളിലെല്ലാം ഇപ്പോഴുംഅനധികൃത ഖനനം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ബ്യൂറോക്രസിയുടെയും മൗനാനുവാദത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. ഈയടുത്ത് കിഴക്കന്‍ ജയന്തിയയിലെ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരും ഇത്തരത്തില്‍ അനധികൃതമായി ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി പോയവരായിരുന്നു. ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിനായിരത്തോളം മെട്രിക് ടണ്‍ കല്‍ക്കരി ഇത്തരത്തില്‍ഇവിടെ നിന്നും കടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 

അനധികൃതമായി ഖനനം ചെയ്യുന്നതിന് പുറമേ, കുഴിച്ചെടുക്കുന്ന കല്‍ക്കരിയുടെ കണക്കില്‍ കൃത്രിമം കാണിച്ചും ഖനന മാഫിയ സര്‍ക്കാരിനെ വെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് സി എ ജി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 5.5 ലക്ഷം മെട്രിക് ടണ്‍ കുറവാണ് കണക്കുകളില്‍ ഉണ്ടായിട്ടുള്ളത്. ഇതിനുള്ള റോയല്‍റ്റി ചാര്‍ജും പിഴയുമടക്കം ഏകദേശം 46 കോടി രൂപ മൈനിങ്ങ് കമ്പനികളില്‍ നിന്നും ഈടാക്കാന്‍ സിഎജി ഉത്തരവിട്ടിരുന്നു. സകല നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ഖനികളില്‍ അടഞ്ഞ ഇടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല.