ലൈംഗിക വൃത്തിയെ തൊഴിലായി കണക്കാക്കണമെന്ന സുപ്രീംകോടതി ശുപാർശ ലൈംഗിക തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുമോ , ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

ദില്ലി: ലൈംഗിക വൃത്തിയെ തൊഴിലായി കണക്കാക്കണമെന്ന സുപ്രീംകോടതി ശുപാർശയിൽ കേന്ദ്രം നിലപാടറിയിക്കാരിനിരിക്കേ യാതൊരു അവകാശവും സുരക്ഷയും അനുഭവിക്കാതെ രാജ്യത്തെ ലൈംഗിക തൊഴിലാളികൾ. വേശ്യാലയങ്ങളിൽ കഴിയുന്നവരടക്കം ക്രൂരമായ ചൂഷണത്തിനും, പീഡനങ്ങൾക്കും ഇരകളാകുന്നുവെന്ന ഞെട്ടിക്കുന്ന സർവേ റിപ്പോർട്ടുകളിൽ സർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

'കത്തി കാണിച്ച് വെട്ടും എന്നൊക്കെ പേടിപ്പിക്കും. അവരുടെ ആവശ്യവും നടത്തികൊടുക്കണം, തല്ലും വാങ്ങണം. അയൽ വാസികളും ദേഷ്യപ്പെടും, നമ്മളോട് സംസാരിക്കില്ല. വീട്ടിലെ സ്ത്രീകളെ നമ്മുടെ വീട്ടിലേക്ക് വരാൻ ഒന്നും സമ്മതിക്കില്ല' - ലൈംഗിക തൊഴിലാളിയായ ആശ പറയുന്നു. അവർ മാറ്റിനിർത്തപ്പെടുകയാണ്. അവരെ മനുഷ്യരായി കാണുന്നില്ല, പകരം ശരീരം മാത്രമായാണ് കാണുന്നത്. കോടതി വിധി തുടക്കം മാത്രമാണ്. മനസ്ഥിതി കൂടി മാറണമെന്ന് എൻജിഒ അംഗം അർസു പറഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ ചീത്തവിളിയും പരിഹാസവും, അവജ്ഞയും നിറഞ്ഞ പ്രതികരണങ്ങളാണ് നിറയെ. സാമൂഹ്യ മാധ്യമങ്ങളിൽ ഇതാണ് സമീപനമെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ഇവർ നേരിടുന്ന സാഹചര്യം ഇതിലും എത്രയോ ഇരട്ടിയാണ്. ആശ പറയുന്നതെല്ലാം ശരി വെക്കുന്നതാണ് മൂവായിരത്തിലധികമുള്ള ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളിൽ നടത്തിയ സർവേയിലെയും കണ്ടെത്തൽ. 2010 ൽ സന്നദ്ധ സംഘടന നടത്തിയ സർവേ പ്രകാരം 55 ശതമാനം പേരും അവരെ തേടിയെത്തുന്ന പുരുഷന്മാരിൽ നിന്ന് ശാരീരിക അക്രമം നേരിട്ടുണ്ട്.

വേശ്യാലയങ്ങളിൽ കഴിയുന്നവരിൽ 8 ശതമാനം പേർ അവരുടെ ഉടമസ്ഥരിൽ നിന്നുമുള്ള ശാരീരിക പീഡനങ്ങൾക്കിരയായിട്ടുണ്ട്. 16 ശതമാനം പേർ സമൂഹത്തിൽ നിന്ന് ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങൾക്കും ഇരകളായിട്ടുണ്ട്. തൊഴിലിൻറെ പേരിൽ സമൂഹം കല്പിക്കുന്ന ഭ്രഷ്ട് കാരണം ഇവർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ചയാകാറില്ല. ഇപ്പോഴത്തെ കോടതി ഇടപെടൽ അവർക്ക് വലിയ പ്രതീക്ഷയാണ്.