ചീഫ് ജസ്റ്റസിന് എതിരായ പരാതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ കോടതി പരിശോധിക്കുകയും ആരോപണങ്ങൾ തള്ളുകയും ചെയ്തതിനെ ചൊല്ലി വിമര്‍ശനങ്ങൾ ശക്തമാകുന്നു

ദില്ലി: ചീഫ് ജസ്റ്റസിന് എതിരായ പരാതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ കോടതി പരിശോധിക്കുകയും ആരോപണങ്ങൾ തള്ളുകയും ചെയ്തതിനെ ചൊല്ലി വിമര്‍ശനങ്ങൾ ശക്തമാകുന്നു. സുപ്രീംകോടതി തന്നെ ഇറക്കിയ വിധികളുടെ ലംഘനമാണ് ഇതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു ജുഡീഷ്യൽ ഉത്തരവിന്‍റെ പേരിൽ ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാൻ പാടില്ല എന്ന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 77-ാം വകുപ്പിലും ജഡ്ജസ് പ്രൊട്ടക്ഷൻ നിയമത്തിലെ മൂന്നാം വകുപ്പിലും പറയുന്നുണ്ട്. എന്നാൽ ഒരു ജഡ്ജിക്കെതിരെ വ്യക്തിപരമായ കുറ്റങ്ങളുടെ പേരിൽ പരാതികൾ ഉണ്ടായാൽ അതിന് നിയപരമായ പരിരക്ഷ കിട്ടില്ല. 

തമിഴ്നാട് സ്വദേശിയാ വീരസ്വാമിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒരു കേസിൽ ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്നിരിക്കുന്നത് വ്യക്തിപരമായ പരാതിയാണ്. വിശാഖ കേസിലെ സുപ്രീംകോതി വിധി അനുസരിച്ച് ലൈംഗിക അധിക്രമ കേസുകൾ പരിശോധിക്കാൻ ഓരോ തൊഴിലിടത്തും പ്രത്യേക സമിതികൾ വേണം. അത്തരത്തിലൊരു സമിതി സുപ്രീംകോടതിയിലും ഉണ്ട്.

പരാതിയിൽ കഴമ്പുണ്ടോ എന്ന് ഈ സമിതി പരിശോധിച്ചിട്ടില്ല. ചീഫ് ജസ്റ്റിസായതുകൊണ്ട് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രപതിയുടെ അനുമതി വേണം. പരാതികളുണ്ടായാൽ നിലവിലെ നിയമം അനുസരിച്ച് രാഷ്ട്രപതിക്കെതിരെ കേസെടുക്കാനാകില്ല. മറ്റുള്ള ഭരണഘടന പദവികൾക്ക് ആ സംരക്ഷണം ഇല്ല. 

അങ്ങനെയിരിക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണ പരാതി അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള കോടതി തന്നെ പരിഗണിച്ചത്. പരാതിയിൽ പറയുന്നതെല്ലാം കളവാണെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. അതിനെ സഹ ജഡ്ജിമാരും അറ്റോര്‍ണി ജനറലുമെല്ലാം പിന്തുണക്കുന്നു. പിന്നീട് ഇറക്കിയ ഉത്തരവിൽ പരാതി സ്വതന്ത്ര ജുഡീഷ്യൽ സംവിധാനത്തിന് എതിരാണെന്നും പറയുന്നു. ഇതിനെതിരെയാണ് വിമര്‍ശനങ്ങൾ ശക്തമാക്കുന്നത്.