ജനങ്ങളെ മതാടിസ്ഥാത്തില്‍ ഭിന്നിപ്പിക്കുന്ന ഒന്നിനെയും രബീന്ദ്രനാഥ ടാഗോറിന്‍റെ വിശ്വഭാരതിയുടെ മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് സോംനാഥ് സോ  പറഞ്ഞു. 

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കാന്‍ വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിലെത്തിയ ബിജെപി രാജ്യസഭാ എംപി സ്വപന്‍ ദാസ് ഗുപ്തക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ പ്രഭാഷണം റദ്ദാക്കി എംപി മടങ്ങി. ദ് സിഎഎ-2019: അണ്ടര്‍സ്റ്റാന്‍ഡിംഗ് ദ ഇന്‍റര്‍പ്രട്ടേഷന്‍ എന്ന വിഷയത്തിലായിരുന്നു സ്വപന്‍ ദാസ് ഗുപ്ത സംസാരിക്കേണ്ടിയിരുന്നത്. വിശ്വഭാരതി പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു എംപിയുടെ പരിപാടി സംഘടിപ്പിച്ചത്. വിസി ബിദ്യുത് ചക്രബൊര്‍ത്തിയായിരുന്നു അധ്യക്ഷന്‍.

എന്നാല്‍ പരിപാടി തുടങ്ങുന്ന സമയമായ 3.30ന് മുമ്പേ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു. സ്വപന്‍ ദാസ്ഗുപ്ത എത്തിയപ്പോള്‍ തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം തുടങ്ങി. ജനങ്ങളെ മതാടിസ്ഥാത്തില്‍ ഭിന്നിപ്പിക്കുന്ന ഒന്നിനെയും രബീന്ദ്രനാഥ ടാഗോറിന്‍റെ വിശ്വഭാരതിയുടെ മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് സോംനാഥ് സോ പറഞ്ഞു. ബിജെപിക്കെതിരെയും ഹിന്ദുത്വക്കെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും വിദ്യാര്‍ത്ഥി നേതാവ് വ്യക്തമാക്കി.

പ്രതിഷേധം കനത്തതോടെ എംപിക്കും വിസിക്കും രണ്ട് മണിക്കൂറോളം മുറിയില്‍നിന്ന് പുറത്തിറങ്ങാനായില്ല. പരിപാടി നടത്താനിരുന്ന ഹാളിന് മുന്നിലായിരുന്നു എസ്എഫ്ഐ പ്രതിഷേധം. പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള വിസിയുടെ ശ്രമവും പരാജയപ്പെട്ടു. എസ്എഫ്ഐക്കെതിരെ എംപി രംഗത്തെത്തി.

Scroll to load tweet…

പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് സംഘടിപ്പിച്ച സമാധാനപരമായ പരിപാടിക്കെതിരെ ആള്‍ക്കൂട്ട ആക്രമണവും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തലും നടന്നാല്‍ എങ്ങനെയുണ്ടാകും. ഇതാണ് ഞാന്‍ പങ്കെടുത്ത, വിശ്വ ഭാരതി യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉണ്ടായത്. പുറത്ത് ആള്‍ക്കൂട്ടം നില്‍ക്കെ ഞാനിപ്പോള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്'.- സ്വപന്‍ ദാസ്ഗുപ്ത ട്വീറ്റ് ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച് സര്‍വകലാശാല അധികൃതരോ അധ്യാപകരോ പ്രതികരിച്ചില്ല. 1921ല്‍ രബീന്ദ്രനാഥ ടാഗോറാണ് വിശ്വഭാരതി സ്ഥാപിച്ചത്.

Scroll to load tweet…