തന്നെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഷാ ഫൈസലിന്റെ ഒരു അഭ്യുദയകാംക്ഷി ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹേബിയസ് കോർപ്പസ് ഹർജി ഫൈസലിന്റെ താനെന്ന നിർദ്ദേശത്തെത്തുടർന്ന് പിൻവലിച്ചതായി കോടതി അംഗീകരിച്ചു. ജമ്മു കശ്മീരിലെ നൂറുകണക്കിന്  കാശ്മീരികൾ തന്നെപ്പോലെ തടങ്കലിൽ പാർപ്പിക്കപ്പെട്ടിട്ടുണ്ട്. അവരിൽ പലർക്കും നിയമസഹായം പോലും ലഭ്യമല്ല. എന്തിനാണ് തടങ്കലിലാക്കിയിരിക്കുന്നത് എന്ന് പോലും പലർക്കുമറിയില്ല. അവർക്കൊക്കെ നിഷേധിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം തനിക്കുമാത്രമായി വേണ്ട എന്നാണ് ഷാ ഫൈസൽ ഈ പിന്മാറ്റത്തിന് കാരണമായി അറിയിച്ചിരിക്കുന്നത്.

ജസ്റ്റിസ് മൻമോഹനും, ജസ്റ്റിസ് സംഗീത ഡിൻഗ്ര സൈഗാളും അടങ്ങിയ ബെഞ്ചാണ് ഹർജി പിൻവലിക്കാനുള്ള അനുവാദം ഷാ ഫൈസലിന് നൽകുന്നത്. അതേസമയം, കേന്ദ്രത്തിനുവേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹർജി പിൻവലിക്കാനായി ഷാ ഫൈസലിന്റെ പത്നി സമർപ്പിച്ച സത്യവാങ്മൂലത്തിലെ പ്രസ്താവനകളോട് വിയോജിക്കുന്നതായി കോടതിയെ ബോധിപ്പിച്ചു. 

ആർക്കുവേണ്ടിയാണോ ഹേബിയസ് കോർപ്പസ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്, അയാളെ ( തന്റെ ഭർത്താവിനെ) താൻ സെപ്റ്റംബർ 10-ന്, അദ്ദേഹത്തെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഷേർ-എ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ചെന്ന് കണ്ടു എന്നും അദ്ദേഹത്തിൽ നിന്ന് ഹർജി പിൻവലിക്കാനുള്ള വ്യക്തമായ നിർദ്ദേശം തനിക്ക് വാക്കാൽ കിട്ടി എന്നും ഷാ ഫൈസലിന്റെ പത്നി കോടതിയെ ബോധിപ്പിച്ചു. മറ്റുള്ള കശ്മീരികൾ തുറുങ്കിൽ തുടരുമ്പോൾ തനിക്കുമാത്രമായി പുറത്തിറങ്ങി നടക്കേണ്ട എന്ന് ഷാ ഫൈസൽ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹേബിയസ് കോർപ്പസ് പിൻവലിക്കാനുള്ള അനുമതി കോടതി നൽകുന്നത്. 

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനാർത്ഥം, ബോസ്റ്റണിലേക്ക് പറക്കാനൊരുങ്ങവേ ദില്ലി എയർപോർട്ടിൽ നിന്ന്, കഴിഞ്ഞ ആഗസ്റ്റ് 14  നാണ് ഷാ  ഫൈസലിനെ കേന്ദ്രസർക്കാർ ജനസുരക്ഷാനിയമം ചുമത്തി കരുതൽ തടങ്കലിൽ എടുക്കുന്നത്. ദില്ലിയിൽ നിന്ന് കാശ്മീരിലെത്തിച്ച ഷാ ഫൈസൽ അന്നുമുതൽ അവിടെ തടങ്കലിലാണ്. അദ്ദേഹത്തെ ദില്ലിയിൽ വെച്ച് അറസ്റ്റുചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാൾ കോടതിസമക്ഷം ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുന്നത്. 

 2010 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമനായി സർവീസിലേക്ക് കടന്നുവന്ന ഷാ ഫൈസൽ 2019  ഫെബ്രുവരി 4 -ന് തന്റെ ജന്മനാടായ കുപ്‌വാരയിൽ നടത്തിയ ഒരു പൊതുപ്രസംഗത്തിനിടെയാണ് തന്റെ രാഷ്ട്രീയ അഭിപ്രായഭിന്നതകൾ പ്രകടമാക്കിയത്. ആ പ്രസംഗത്തിനിടെ അദ്ദേഹം കഴിഞ്ഞ പത്തുവർഷത്തെ തന്റെ ഐഎഎസ് ജീവിതത്തെപ്പറ്റി 'ജയിൽജീവിതം' എന്നാണ് പരാമർശിച്ചത്.  അധികം താമസിയാതെ, ഫെബ്രുവരി 25-ന് എൻഡിടിവിയിൽ നടന്ന ഒരു ഡിബേറ്റിനിടെ സ്വന്തമായി ഒരു പാർട്ടി തുടങ്ങുന്നതാണ് ഷാ ഫൈസൽ പ്രഖ്യാപിച്ചു. പിന്നീട് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ്(JKPM) എന്നപേരിൽ പാർട്ടി തുടങ്ങിയതായും അദ്ദേഹം പ്രസ്താവിച്ചു. ജമ്മു കാശ്മീരി വിഷയത്തെ കേവലം ഒരു ക്രമാസമാധാനപ്രശ്നമായി കാണരുതെന്നും, അവിടെ ജീവിക്കുന്നവരോട് കുറേക്കൂടി മനുഷ്യപ്പറ്റോടെ പെരുമാറണം എന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുവരുന്നുണ്ട്. 

രാജ്യത്തിൻറെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ പൊതുജനങ്ങളെ തന്റെ പ്രസംഗങ്ങളിലൂടെ ഇളക്കിവിടാൻ ശ്രമിച്ചു എന്നതാണ് ഷാ ഫൈസലിനെതിരെ സർക്കാർ ഉന്നയിച്ചിട്ടുള്ള കുറ്റം.