ദില്ലി: ഷഹീൻബാഗ് സമരവേദി മാറ്റുന്നത് സംബന്ധിച്ച ചർച്ചകളിൽ ഇന്നും സമവായം ആയില്ല. വേദി മാറ്റില്ലെന്നു സമരക്കാർ ആവർത്തിച്ചതോടെയാണ് അഭിഭാഷക സമിതിയുടെ ചർച്ച വഴിമുട്ടിയത്. മധ്യസ്ഥചർച്ച നാളെയും തുടരുമെന്ന് സമിതിയംഗങ്ങളായ സഞ്ജയ് ഹെഗ്ഡേയും സാധന രാമചന്ദ്രനും അറിയിച്ചു. 

സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നിലവിലെ പ്രശ്നം സമരപ്പന്തൽ മാറ്റുന്നതിനെ കുറിച്ചാണെന്നും സാധന രാമചന്ദ്രൻ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട് എന്നാൽ അത് അനിശ്ചിതകാലത്തേക്ക് ഗതാഗതം തടസ്സപ്പെടുത്തിയല്ല ചെയ്യേണ്ടതെന്നും സഞ്ജയ് ഹെഗ്ഡേ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച്ച സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് പ്രശ്നപരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സമിതിയംഗങ്ങൾ.

കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചാണ് ഷഹീൻബാഗിൽ സ്ത്രീകളടക്കമുള്ളവർ സമരം തുടരുന്നത്. ഇതിന് പിന്നാലെ സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇത് ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ പ്രചാരണവിഷയമാക്കി.

ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയതോടെയാണ്, ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കാൻ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്. മറ്റൊരിടത്തേക്ക് സമരവേദി മാറ്റാനാകുമോ എന്ന് പരിശോധിക്കാനും, ഇവിടത്തെ ഗതാഗതതടസ്സം മാറ്റാൻ ചർച്ചയിലൂടെ സമവായമുണ്ടാക്കാനാകുമോ എന്നും പരിശോധിക്കാനാണ് മധ്യസ്ഥരായി രണ്ട് മുതിർന്ന അഭിഭാഷകർ എത്തിയത്.