ദില്ലി: ഷഹീന്‍ ബാഗ് സമരത്തിന് എതിരായ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഗതാഗതം തടസപ്പെടുത്തിയത്തിന് എതിരെ ബിജെപി നേതാവ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മറുപടി നൽകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സമരക്കാർക്ക് എതിരെ പരാമർശം നടത്തിയിരുന്നു. അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാവില്ലെന്നായിരുന്നു കോടതി പരാമർശം. കോടതി നിര്‍ദ്ദേശിച്ചാല്‍ സമരം രാംലീലാ മൈതാനത്തേക്ക് മാറ്റാമെന്നായിരുന്നു സമരക്കാരുടെ മറുപടി. ഇന്ന് കോടതി എടുക്കുന്ന തീരുമാനം ഷഹീൻ ബാഗ് സമരത്തെ സംബന്ധിച്ച് നിർണായകം ആകും.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്ക‍ാർ നടത്താനിരുന്ന മാർച്ച് പൊലീസ് തട‌ഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഘടിച്ച സമരക്കാര്‍ മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പൊലീസ് റോഡ് പൂര്‍ണമായും ബാരിക്കേഡ് വെച്ച് തടഞ്ഞു. സമരപ്പന്തലിന് പുറത്ത് സമരക്കാര്‍ ദേശീയ പതാകകളും ബാനറുകളുമായി മാര്‍ച്ചിനൊരുങ്ങി. എന്നാല്‍ പൊലീസ് അനുമതിയില്ലാത്തതിനാല്‍ മുന്നോട്ട് നീങ്ങിയില്ല. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അതിനിടെ സമരക്കാരില്‍ ചിലര്‍ പൊലീസിനോട് അനുമതിക്കായി സംസാരിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സമരക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജാമിയ മില്യ സര്‍വകലാശാലയില്‍ പൊലീസ് അതിക്രമം നടത്തിയ ഡിസംബര്‍ 15 ന് തുടങ്ങിയ ഷഹീന്‍ബാഗ് സമരം രണ്ട് മാസം പിന്നിട്ടുകഴിഞ്ഞു.