മുംബൈ: മഹാരാഷ്ട്രയിൽ തെര‌ഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ശരദ് പവാറിനെതിരെ രജിസ്റ്റർ ചെയ്ത അഴിമതി കേസ് രാഷ്ട്രീയ ചർച്ചയാക്കി എൻസിപി. പ്രതിപക്ഷത്തെ തകർക്കാൻ സർക്കാർ ഏജൻസികളെ ബിജെപി ആയുധമാക്കുന്നു എന്ന് മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ഭൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പവാറിനെ പിന്തുണച്ച് ശിവസേന കൂടി രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലാണ്. 25000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ശരദ് പവാര്‍, അജിത് പവാര്‍ എന്നിവരുൾപ്പെടെ 70 ലേറെ പേർക്കെതിരെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്. 

സഹകരണബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിചേർത്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് പവാര്‍ വാദിക്കുന്നു. ഛത്രപതി ശിവാജിയുടെ പിൻമുറക്കാരായ മഹാരാഷ്ട്രക്കാർ ദില്ലിയിലെ സിംഹാസനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന പവാറിന്‍റെ പ്രഖ്യാപനം നഷ്ടപ്പെട്ട മറാത്ത വോട്ടുകൾ ലക്ഷ്യമിട്ടാണ്. പവാറിന്‍റെ ശക്തികേന്ദ്രമായ ബാരാമതിയിലും മുംബൈ അടക്കമുള്ള നഗരങ്ങളിലും അണികൾ തെരുവിൽ സമരം ചെയ്തു. ഇതിനിടെ അപ്രതീക്ഷിതമായി എംഎൽഎ സ്ഥാനം രാജിവച്ച അജിത് പവാര്‍ ലക്ഷ്യമിടുന്നതും വോട്ടർമാരുടെ സഹതാപമാണ്. പവാറിനെതിരായ കേസ് വൃത്തികെട്ട രാഷ്ട്രീയക്കളിയെന്ന് ബിജെപി സഖ്യകക്ഷി ശിവസേന ആരോപിച്ചിരുന്നു. പവാര്‍ നിരപരാധിയെന്ന് അണ്ണാ ഹസാരെയും നിലപാടെടുത്തു. എന്നാൽ ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ഇഡി കേസെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി ഫട്‍നാവിസിന്‍റെ വിശദീകരണം.

ഇതേ കേസില്‍ അന്വേഷണം നേരിടുന്ന എന്‍സിപി നേതാവും ശരത് പവാറിന്‍റെ മരുകന്‍ കൂടിയായ അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. രാജിവെയ്ക്കുന്നത് സംബന്ധിച്ച് ആരോടും ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്ത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് ശരദ് പവാര്‍ പറയുന്നത്. 'അജിത്തിന്‍റെ മകനോട് ഇക്കാര്യം സംസാരിച്ചിരുന്നു. എന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചത് അജിതിനെ വളരെ വിഷമിച്ചിരുന്നതായും മകന്‍ പറഞ്ഞുവെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.  എൻഫോഴ്സ്മെന്‍റ് ഓഫീസിൽ സ്വമേധയാ ഹാജരാകുമെന്ന് ഇന്നലെ ശരദ് പവാര്‍ അറിയിച്ചെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പൊലീസ് അറിയച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

Read Also: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശരദ് പവാറിന് വടികൊടുത്ത് അടിവാങ്ങി എന്‍ഫോഴ്‍സ്മെന്‍റ്