നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ ഇതാ ദേശീയ രാഷ്ട്രീയത്തിന്റെ നടുമേശപ്പുറത്തേക്ക് തന്റെ തുറുപ്പു ചീട്ടെടുത്ത് മലർത്തിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നു നിൽക്കുന്ന ഈ അവസരത്തിൽ തന്റെ രാഷ്ട്രീയസ്വാധീനം വീണ്ടും ശക്തമാക്കാൻ അദ്ദേഹം ഏറെ ഉത്സുകനാണ്. അപ്പോഴാണ് അദ്ദേഹത്തെത്തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രൂപത്തിൽ ഒരു സുവർണ്ണാവസരം തന്നെ വന്നിറങ്ങിയത്. അവർ പവാറിനും മരുമകൻ അജിത് പവാറിനും മറ്റ് 70 പേർക്കുമെതിരെ എഫ്‌ഐആർ ഇട്ടിരിക്കുകയാണ്. മഹാരാഷ്ട്രാ കോപ്പറേറ്റിവ് ബാങ്കിൽ തങ്ങളുടെ അധികാരസ്ഥാനങ്ങൾ ദുർവിനിയോഗം ചെയ്തുകൊണ്ട്  25,000 കോടി രൂപ യാതൊരു ഈടും കൂടാതെ വിവിധ കക്ഷികൾക്ക് വിതരണം ചെയ്തു എന്നാണ് കേസ്. ഒരൊറ്റ കുഴപ്പം മാത്രം. ഈടൊന്നും വാങ്ങാതെ പ്രസ്തുത ബാങ്ക് ചിലപ്പോൾ പലർക്കും കടം കൊടുത്തുകാണും. എന്നാൽ, ആ ബാങ്കിൽ ശരദ് പവാർ  ഒരിക്കലും ഡയറക്ടറോ, എന്തിന് ഒരു സാധാരണ മെമ്പർ പോലുമോ ആയിരുന്നിട്ടില്ല. 

ശരദ് ഗോവിന്ദറാവു പവാർ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിവന്നിട്ട് അഞ്ചുപതിറ്റാണ്ടു കഴിഞ്ഞു. കൃത്യമായിപ്പറഞ്ഞാൽ 52 കൊല്ലം. മൂന്നുവട്ടം മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിട്ടുണ്ട് പവാർ. കേന്ദ്രസർക്കാരിൽ പ്രതിരോധ, കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്നുള്ള ഈ അനിഷേധ്യ നേതാവ്, കോൺഗ്രസ് പാർട്ടിയിൽ യശ്വന്ത്റാവു ചൗഹാന്റെ അടുത്ത അനുയായി ആയിട്ടാണ് കടന്നുവരുന്നത്. ആദ്യം അവിഭക്ത കോൺഗ്രസിലും, പിന്നീട് ഇന്ദിരാ ഫാക്ഷനിലും ഒക്കെയായി കോൺഗ്രസിനോട് തികഞ്ഞ വിശ്വസ്തത പുലർത്തിപ്പോന്ന പവാർ 1991 -ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു. അന്ന് നരസിംഹറാവു പ്രധാനമന്ത്രിയായതോടെ പവാറിന് പ്രതിരോധ മന്ത്രിപദം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1999 -ൽ സോണിയാ ഗാന്ധിയെ AICC പ്രസിഡണ്ട് പദത്തിലേക്ക് പരിഗണിച്ചപ്പോൾ, സ്വദേശി വാദം ഉയർത്തിക്കൊണ്ടാണ് ശരദ് പവാർ, പി എ സംഗ്മ, താരിഖ് അൻവർ എന്നിവർ ചേർന്ന് മഹാരാഷ്ട്ര കോൺഗ്രസ് പിളർത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) തുടങ്ങുന്നത്. 

രാഷ്ട്രീയത്തിൽ അധികാരസ്ഥാനങ്ങൾ കയ്യാളിയപ്പോഴും, ബിസിസിഐ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നപ്പോഴും, പവാറിനെതിരെ   ആരോപണങ്ങൾ പലതും  പലതവണ  ഉയർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ, കേന്ദ്രത്തിലും സംസ്ഥാനത്തിലും ആരൊക്കെ മാറിമാറിവന്നിട്ടും, എന്തിന്റെയെങ്കിലും പേരിൽ, ഒരിക്കൽ പോലും അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ഒരു കേന്ദ്ര/സംസ്ഥാന ഏജൻസിക്കും ഇന്നുവരെ ആയിട്ടില്ല. 

അവസാനമായി പവാറിന് നേരെ ചെളി വാരിയെറിഞ്ഞത് രണ്ട് മാധ്യമസ്ഥാപനങ്ങളായിരുന്നു. ഒന്ന്, ഒരു ഇംഗ്ലീഷ് പത്രം. രണ്ട്, ഒരു മറാത്തി വാരിക. രണ്ടും തങ്ങളുടെ ഫ്രണ്ട് പേജിൽ തന്നെ പവാർ കോടിക്കണക്കിനു രൂപയുടെ ഹവാലാ തട്ടിപ്പ് നടത്തി എന്നുള്ള റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തി. പവാർ അവർക്കെതിരെ കോടതിയിൽ 100 കോടി രൂപയ്ക്ക് നഷ്ടപരിഹാരക്കേസുനല്കി. കാര്യം വ്യവഹാരത്തിലേക്ക് നീങ്ങും എന്ന ഘട്ടത്തിൽ പത്രസ്ഥാപനങ്ങൾക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. കോടതിയിലെത്തിയാൽ സംഗതി വഷളാകും. കാരണം, അവരുടെ കയ്യിൽ ആകെയുണ്ടായിരുന്നത്‌ ഏതോ ഒരു ഗവണ്മെന്റൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ഫോട്ടോകോപ്പി മാത്രമായിരുന്നു. പ്രസ്തുത റിപ്പോർട്ടാണെങ്കിൽ, കാര്യമായ തെളിവുകളൊന്നും ഇല്ലാതെ കാടടച്ചുള്ള വെടികൾ നിറഞ്ഞതും.  ഒടുവിലെന്തായി, രണ്ടു മാധ്യമസ്ഥാപനങ്ങളും പവാറിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ച്, പശ്ചാത്താപ വിവശരായി മാപ്പുപറഞ്ഞു. അതുകൊണ്ടൊന്നും പവാർ വിട്ടില്ല. രണ്ടിന്റെയും മുൻപേജിൽ തന്നെ വെണ്ടയ്ക്കാ അക്ഷരത്തിൽ ക്ഷമാപണറിപ്പോർട്ടും പ്രസിദ്ധപ്പെടുത്തിയിട്ടേ പവാർ തന്റെ ഹർജി പിൻവലിക്കാൻ തയ്യാറായുള്ളൂ. 

അതിനു ശേഷം, ഇതാ ഇപ്പോഴാണ് ഒരു സർക്കാർ ഏജൻസിക്ക് ഒരു എഫ്‌ഐആറിൽ പരസ്യമായി ശരദ് പവാറിനെതിരെ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പിന്റെ ആരോപണം ഉന്നയിക്കാനുള്ള ധൈര്യം വന്നത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തിൽ ഇത്തരത്തിൽ ഏറെ ഗുരുതരമായൊരു ആരോപണം കേന്ദ്ര ഏജൻസിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമ്പോൾ അത് സർക്കാർ സംവിധാനങ്ങളെ കണക്കുകൾ തീർക്കാൻ ദുരുപയോഗപ്പെടുത്തുന്ന കേന്ദ്ര സർക്കാറിന്റെ നയമായി എതിർകക്ഷികൾ വായിച്ചെടുത്താൽ കുറ്റം പറയാൻ പറ്റിയെന്നുവരില്ല. 

ശരദ് പവാർ ഈ ആരോപണത്തിൽ കണ്ടത്, ഏറെ നാളായി ആകെ ഉദാസീനമായിക്കിടക്കുന തന്റെ അണികളെ ഒന്നുണർത്തിയെടുക്കാനുള്ള സുവർണാവസരമാണ്. അതിനിടെ മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും മീറ്റിംഗുകൾ സംഘടിപ്പിച്ച് തന്റെ ഭാഗം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ പവാർ തയ്യാറായി. ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞത്, തനിക്ക് എൻഫോഴ്സ്മെന്റിന്റെ ഒരു ഇണ്ടാസും കിട്ടിയിട്ടില്ല, കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കാൻ വേണ്ടി സമൻസൊന്നും ഇല്ലാതെ തന്നെ, താൻ സെപ്റ്റംബർ 27 -ന്  ED'ക്കു മുന്നിൽ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ പോവുകയാണ് എന്നാണ്. 

പവാറിന്റെ ഈ പ്രഖ്യാപനം മുംബൈയിൽ ഒരു ക്രമാസമാധാനപ്രശ്നം തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മീറ്റിങ്ങിലേക്ക് പതിനായിരക്കണക്കിന് പേർ ഒഴുകിയെത്തി. അതോടെ ED തിരിഞ്ഞു. പവാർ ഹാജരാകും എന്ന് പറഞ്ഞ ദിവസം രാവിലെ പവാറിന്  ED ഔപചാരിക സന്ദേശമയച്ച് അവിടേക്ക് ചെല്ലരുതെന്ന് അറിയിച്ചു. ചെന്നാൽ കയറ്റില്ല എന്നും. എന്നിട്ടും അന്നേദിവസം പതിനായിരങ്ങൾ ED ഓഫീസിൽ പരിസരത്ത് തടിച്ചുകൂടി. എത്രപേരുണ്ട് എന്നറിയാൻ മുംബൈ പോലീസ് ഡ്രോൺ വരെ പ്രയോഗിച്ചു. 

അന്നേദിവസം,അതിരാവിലെ മുംബൈ പൊലീസ് കമ്മീഷണറും മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരും പവാറിനെ ചെന്ന് കണ്ട്, പ്രസ്തുത സന്ദർശനം റദ്ദാക്കാൻ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന ഇന്റലിജൻസ് സന്ദേശം കണക്കിലെടുത്ത് പവാർ സന്ദർശനം റദ്ദാക്കി. 

അതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് കാര്യങ്ങളൊക്കെ ബിജെപി പക്ഷത്തിന് അനുകൂലമായിരുന്ന അവസ്ഥയിൽ നിന്ന് ജനങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഒറ്റയടിക്ക് പവാർ പക്ഷത്തേക്ക് മാറി. അതിനു കാരണം പവാർ നടത്തിയ ഒരു പ്രസംഗവും അതിൽ അദ്ദേഹം പറഞ്ഞുവെച്ച കാര്യങ്ങളുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു, "ഞാൻ ആണത്തമുള്ള  മറാഠയാണ് ( മറാഠ മർദ്). ശിവാജി മുതൽക്ക് ഇങ്ങോട്ടുള്ള ഒരു മറാഠയും ഇന്നുവരെ ദില്ലിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ല" എന്ന്. അത് ബിജെപിയുടെ മർമത്ത് തന്നെയുള്ള ഒരു ആഞ്ഞടിയായിരുന്നു. അതോടെ മറാഠാ സ്പിരിറ്റിൽ മഹാരാഷ്ട്ര മൊത്തം ഇളകി മറിഞ്ഞു. കാര്യങ്ങൾ മറാഠാ Vs നോൺ മറാഠാ എന്ന  അവസ്ഥയിലേക്ക് പോയി. മോദിക്ക് ഒരു 'ഔറംഗസേബ് ' പരിവേഷം വന്നു. 

കഴിഞ്ഞ കുറേക്കാലമായി മറാഠകൾ  കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നുമൊക്കെ അകന്നുമാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിപ്പോൾ ബിജെപിയുടെ ഭാഗത്തു നിന്ന് ശരദ് പവാറിന്റെ നേർക്കുണ്ടായിരിക്കുന്ന ഈ പ്രകോപനവും അതിനോട് മറാഠാ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പവാറിന്റെ മറുപടിയും കാര്യങ്ങളെ വീണ്ടും പവാറിന്റെ പക്ഷത്തേക്ക് തിരിച്ചു കൊണ്ടുവരികയാണ് എന്നുവേണം പറയാൻ. എന്തായാലും, ബിജെപി ഒഴിച്ച് മഹാരാഷ്ട്ര രാഷ്ട്രീയത്തിലുള്ള സകലരും ശരദ് പവാറിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. രാഹുൽ ഗാന്ധി ശരദ് പവാറിനെ പിന്തുണച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. ശിവസേനയും പിന്തുണയുമായി എത്തിക്കഴിഞ്ഞു. ഇത് ഒരു മഹാരാഷ്ട്രിയൻ-ഗുജറാത്തി പോരാട്ടമായി ഉയർത്തിക്കൊണ്ടു വരാനാണ് പവാറിന്റെ ശ്രമം. ഇത് വോട്ടുകളുടെ വൻതോതിലുള്ള പുനർവിന്യാസത്തിനു കാരണമായേക്കും. 

കഴിഞ്ഞചില മാസങ്ങളിൽ എൻസിപിയിൽ നിന്ന് പ്രാദേശിക നേതാക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. അതേപ്പറ്റി ഏറെ പരിഹാസ സൂചകമായി ഒരു പരാമര്‍ശവും അമിത് ഷാ അന്ന് നടത്തിയിരുന്നു. അതായത്, തെരഞ്ഞെടുപ്പടുക്കുമ്പോൾ എൻസിപിയിൽ ആകെ രണ്ടു നേതാക്കളേ കാണൂ, ഒന്ന് പൃഥ്വിരാജ് ചൗഹാൻ, രണ്ട് ശരദ് പവാർ എന്ന്. 

അഞ്ചുവർഷത്തോളം സംസ്ഥാനത്ത് ഭരണം കിട്ടിയിട്ടും പവാറിനെ ഏതെങ്കിലുമൊരു അഴിമതിക്കേസിൽ പൂട്ടാൻ ബിജെപിക്ക് സാധിച്ചിട്ടില്ല ഇതുവരെ. ഇപ്പോൾ വേണ്ടത്ര തെളിവുകളുടെ പിൻബലമില്ലാതെ ED പോലൊരു കേന്ദ്ര ഏജൻസി തനിക്കെതിരെ നടത്തിയ ആരോപണത്തെ, തനിക്ക് ഗുണം ചെയ്യുന്നതരത്തിൽ പ്രയോജനപ്പെടുത്തുകയാണ് പവാർ ചെയ്തിരിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തെ മറാഠകളുടെ വോട്ടിന്റെ ഭൂരിപക്ഷം വോട്ടുകളും എൻസിപിയിലേക്ക് മറിയുന്ന ലക്ഷണമാണ് കാണുന്നത്. ദില്ലിയിലെ മുഗളരോട് ഒരിക്കലും മുട്ടുമടക്കാത്ത ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരനായി സ്വയം അവരോധിക്കുകയാണ് പവാർ തന്റെ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്. മറാഠാ വികാരം ഈ വിധം ഉണർത്തിവിട്ടാൽ അത് നിയമസഭാ തെരഞ്ഞെടുപ്പിൽ പവാറിന് ഏറെ ഗുണം ചെയ്യും. 

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി, ശരദ് പവാർ എന്ന തങ്ങളുടെ രാഷ്ട്രീയ എതിരാളിക്ക് തങ്ങളെ അടിക്കാനുള്ള വടി, തങ്ങളായിട്ട് കൊടുത്തു എന്ന ജാള്യതയിലാണ് എന്‍ഫോഴ്‍സ്മെന്‍റ് ഇപ്പോൾ.