Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തിന് നല്ലത് എന്താണോ അത് ദൈവം ചെയ്യട്ടെ'; പ്രണബ് മുഖർജിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ മകള്‍

അതേസമയം, പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദില്ലി ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

sharmistha mukherjee tweet may god do whatever best for him
Author
Delhi, First Published Aug 12, 2020, 4:24 PM IST

ദില്ലി: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച് മകൾ ശര്‍മിഷ്ഠ മുഖര്‍ജി. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്ന് ശര്‍മിഷ്ഠ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം ഈ സമയം അച്ഛനെ ഓർത്ത് അഭിമാനിച്ചുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം വിഷമഘട്ടത്തെയാണ് താന്‍ നേരിടുന്നതെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്യുന്നു.

"കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്നാണ് അച്ഛന് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹം ഗുരുതര അവസ്ഥയിലായിരിക്കുകയാണ്. അദ്ദേഹത്തിന് നല്ലത് എന്താണോ അത് ദൈവം ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും ഞങ്ങള്‍ക്ക് നല്‍കട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു", ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തു. 

അതേസമയം, പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദില്ലി ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കൊവിഡ് ബാധിതന്‍ കൂടി ആയതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഹെല്‍ത്ത് ബുള്ളറ്റിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. 

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios