Asianet News MalayalamAsianet News Malayalam

തരൂരിനെ മഴയത്ത് നിര്‍ത്തുന്നോ ? ഹൈക്കമാന്‍ഡിന്‍റെ ഉറക്കം കെടുത്തുന്ന തരൂരിന്‍റെ സ്ഥാനാര്‍ത്ഥിത്വം.!

 തോളില്‍ കൈ ഇടുകയും പിന്നിലൂടെ തല്ലുകയും ചെയ്യുന്ന നിലപാടാണ് ഹൈക്കമാന്‍ഡ് പിന്നീട് കാട്ടിയതെന്ന കാര്യത്തില്‍ സംശയമില്ല. തരൂരിനെ നിര്‍ത്തി അപമാനിക്കാനാണോ ഉദ്ദേശ്യമെന്ന് ചിലരെങ്കിലും നെറ്റി ചുളിച്ച് ചോദിക്കുന്നു.

shashi tharoor candidateship for aicc president election and congress high command stand
Author
First Published Oct 4, 2022, 3:14 PM IST

"മത്സരിച്ചോളൂ, ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയാകില്ല. ശശിയും, മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരും  ഞങ്ങള്‍ക്ക് ഒരു പോലെയാണ്". മത്സരിക്കാന്‍ ആശിര്‍വാദം തേടിയെത്തിയ ശശി തരൂരിനോട് സോണിയ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. ഗാന്ധി കുടംബത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്ന് തരൂര്‍ ആവര്‍ത്തിക്കുന്നതിലെ അടിസ്ഥാനവുമിതാണ്. 

അങ്ങനെ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഗോദയില്‍ ഒപ്പമുള്ളത് മറ്റൊരു ദക്ഷിണേന്ത്യന്‍ നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എന്നാല്‍ തോളില്‍ കൈ ഇടുകയും പിന്നിലൂടെ തല്ലുകയും ചെയ്യുന്ന നിലപാടാണ് ഹൈക്കമാന്‍ഡ് പിന്നീട് കാട്ടിയതെന്ന കാര്യത്തില്‍ സംശയമില്ല. തരൂരിനെ നിര്‍ത്തി അപമാനിക്കാനാണോ ഉദ്ദേശ്യമെന്ന് ചിലരെങ്കിലും നെറ്റി ചുളിച്ച് ചോദിക്കുന്നു.

ആലവട്ടവും, വെണ്‍ചാമരവുമായി എഐസിസി ഓഫീസില്‍ പത്രിക  നല്‍കാനെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് അവിടെ കണ്ടുനിന്നവര്‍ക്ക് ഒരു സംശയത്തിനും ഇടനല്‍കിയില്ല. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വച്ചിരിക്കുന്നത് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗം സാക്ഷാല്‍ എ  കെ ആന്‍റണി. ഇനി പ്രചാരണത്തിനാണെങ്കിലോ ദേശീയ നേതാക്കളും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരുമായ ദീപേന്ദര്‍ ഹൂഡയും, ഗൗരവ് വല്ലഭും. നേതൃത്വത്തിന് കത്തെഴുതല്‍ മാത്രമായിരുന്നു തരൂരിന്‍റെ പണിയെന്ന വല്ലഭിന്‍റെ പരിഹാസവും  ഈ സന്ദര്‍ഭവുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. എന്തായാലും വലിയ ഗരിമയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നീങ്ങുമ്പോള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാര് എന്നതില്‍ രണ്ടാമതൊരാലോചനയുടെ ആവശ്യമില്ല.

ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരൻ്റെ നടപടിയിൽ തരൂരിന് അതൃപ്തി

ഇനിയാണ് മറ്റൊരു കളി. അത് നടത്തിയിരിക്കുന്നതാകട്ടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനിലൂടെയും. മത്സരത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് മധുസൂദന്‍ മിസ്ത്രി പ്രഖ്യാപിച്ചു.  ഖാര്‍ഗയും തരൂരും സ്വന്തം നിലക്ക് മത്സരിക്കുന്നു. അതുകൊണ്ട് ഇരുവരെയും ആരും പിന്തുണക്കരുത്. പരസ്യമായോ അല്ലാതെയോ വേണ്ട, സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ വേണ്ടെന്ന് എഐസിസി ഭാരവാഹികള്‍ മുതല്‍ വക്താക്കള്‍ വരെയുള്ളവരോട് പറയുകയും ഉത്തരവായി പുറത്തിറക്കുകയും ചെയ്തു. 

പ്രഥമ ദൃഷ്ട്യാ അത്ര പ്രശ്നമൊന്നും തോന്നാത്ത ഈ നിര്‍ദ്ദേശങ്ങള്‍ അത്രക്ക് നിഷ്കളങ്കമാണോ? കൂടുതല്‍ പരിശോധിക്കുമ്പോഴാണ് അമ്പ് ആര്‍ക്ക് നേരെ എയ്തതാണെന്ന് മനസിലാകുന്നത്. കേരളത്തിലേതടക്കം ചില മുതിര്‍ന്ന നേതാക്കളും, യുവനിരയും തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നാളയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂയെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനും സ്വീകാര്യതയുണ്ട്. ഇങ്ങനെയുള്ള പരിപാടികള്‍ക്ക് കര്‍ട്ടനിടുക എന്നു തന്നെയാണ് ഉദ്ദേശ്യം. സ്ഥാനാര്‍ത്ഥി ഖാര്‍ഗെയാണെന്ന കൃത്യമായ സന്ദേശം നല്‍കിയ ശേഷമാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.

തരൂരിന് മനസാക്ഷി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സുധാകരന്‍റെ മലക്കം മറിച്ചിലിന് പിന്നിലെ കഥയും മറ്റൊന്നല്ല. ഹൈക്കാമാന്‍ഡ് നിര്‍ദ്ദേശത്തില്‍ തന്നെയാണ് ഖാര്‍ഗെക്കായി സുധാകരന്‍ രപ്രസ്താവന ഇറക്കിയതെന്ന് പകല്‍പോലെ വ്യക്തം.  അങ്ങനെ   വഴികള്‍ ഒന്നൊന്നായി അടക്കുക.എന്നിട്ട് കൈയും കെട്ടി പൂച്ച പാല്‍ കുടിച്ച പോലെ ഇരിക്കുക. ഇങ്ങനെ ഒരു   തിട്ടൂരം നിലനില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡിനെ  പിണക്കിയാലുണ്ടാകാവുന്ന പൊല്ലാപ്പ് നന്നായറിയുന്നതിനാല്‍ ആദ്യം പിന്തുണച്ചവര്‍ ഇനി പഴയ ശക്തിയില്‍ തരൂരിനൊപ്പമുണ്ടാകാനിടിയില്ല. 
പിന്നിലുള്ള ആള്‍ക്കൂട്ടം ശൂന്യമായാലും മത്സരിക്കുമെന്ന ആത്മവിശ്വാസം മാത്രമാണ് തരൂരിന്‍റെ കൈമുതല്‍. ഇത്രയും മിടുക്കനായ ഒരു അധ്യക്ഷന്‍ വേണ്ടെന്ന് തന്നെയാണ് പിന്‍സീറ്റ് ഡ്രൈവിംഗിന് തയ്യാറെടുക്കുന്ന ഗാന്ധി കുടുംബത്തിന്‍റെ നിലപാട്.  

ഖാര്‍ഗയെ പോലുള്ള വിനീത വിധേയര്‍ മുന്‍പിലുള്ളപ്പോള്‍ തരൂര്‍ മഴയത്ത് തന്നെ നില്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ സന്ദേഹം വേണ്ട. പാര്‍ട്ടി  നവീകരണമൊക്കെ ഉദയ് പൂര്‍ ചിന്തന്‍ ശിബിര പ്രഖ്യാപനങ്ങളായി നിലനില്‍ക്കും.നിഷ്പക്ഷ നിലപാടെന്ന മേലങ്കി അണിഞ്ഞ ഹൈക്കമാന്‍ഡിനോട് തരൂര്‍ ഏറ്റുമുട്ടേണ്ടി വരുന്നുവെന്ന് ചുരുക്കം. 

'മുന്നേറ്റത്തിന് തടയിടാൻ ശ്രമം': ഔദ്യോഗിക നേതൃത്വത്തിനെതിരെ തുറന്നടിച്ച് തരൂ‍ര്‍

Follow Us:
Download App:
  • android
  • ios