ദില്ലി: മോദി സ്തുതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് ശശി തരൂര്‍. ഹിന്ദുത്വം ബിജെപി നയമാണ്, അതിനെ മൃദുഹിന്ദുത്വം കൊണ്ട് നേരിട്ടാൽ കോൺഗ്രസ് അപ്രത്യക്ഷമാകുമെന്ന് ശശി തരൂർ ഒരഭിമുഖത്തിൽ പറഞ്ഞു. ഹിന്ദുത്വം കൂടിയതെന്നോ കുറഞ്ഞതെന്നോ ഇല്ല. മതത്തിൽ വീര്യം കൂടിയതെന്നോ കുറഞ്ഞതെന്നോ ഇല്ലെന്നിരിക്കെ പാര്‍ട്ടി നയം കോൺഗ്രസിനെ ഇല്ലാതാക്കുമെന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. അത്തരമൊരു നയം ഗുരുതരമായ പിഴവാകുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നൽകുന്നു. 

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ ഹിന്ദുത്വ നയവും കോൺഗ്രസിന്‍റെ അനുകരണവും മുന്നോട്ടു വച്ചാൽ വോട്ടർമാർ ആദ്യത്തേതെ സ്വീകരിക്കൂ. ഇന്ത്യയുടെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കുകയാണ് പാർട്ടി ചെയ്യേണ്ടത്. പ്രതിരോധത്തിന് രാജ്യത്തെ യുവാക്കൾ മുന്നോട്ടിറങ്ങുമെന്ന് ഉറപ്പുണ്ടെന്നും തരൂർ വ്യക്തമാക്കി. കോൺഗ്രസ് നയത്തിൽ കേരളത്തിലെ എംപിമാർക്കും ഉത്തരേന്ത്യൻ എംപിമാർക്കുമിടയിൽ കടുത്ത ഭിന്നത പാർലമെന്‍റ് സമ്മേളനത്തിൽ പ്രകടമായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് തരൂരിന്‍റെ ഈ നിലപാട്.  

 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിലെ നീക്കങ്ങൾ തുടങ്ങിയത് ക്ഷേത്ര ദർശനത്തോടെയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും മൃദുഹിന്ദുത്വം നയമായി സ്വീകരിച്ചു. മുത്തലാഖ് നിരോധനബിൽ പാസാക്കുന്നതിൽ ഉൾപ്പെടെ കോൺഗ്രസിനകത്ത് നയപരമായ ഭിന്നത പ്രകടമായിരുന്നു. മൃദുഹിന്ദുത്വത്തിനായി വാദിക്കുന്ന ലോബി, ജമ്മുകശ്മീർ വിഷയത്തിലും പ്രവർത്തകസമിതി പ്രമേയം പരസ്യമായി തള്ളി രംഗത്തു വന്നിരുന്നു. മോദി ചെയ്യുന്ന നല്ലകാര്യങ്ങൾ അംഗീകരിക്കണം എന്ന വാദം വിവാദമായ ശേഷം പാർട്ടി മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്നതിനെയും ശശി തരൂർ ഇപ്പോൾ തള്ളിപറയുകയാണ്