പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ ശശി തരൂരെത്തിയത്.

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ അടക്കംപിന്തുണയോടെ അഞ്ച് സെറ്റ് പത്രികയാണ് തരൂർ നല്‍കിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു. രണ്ട് മണിയോടെ ആണ് എ ഐ സി സി ആസ്ഥാനത്തെത്തി ഖാർഗെ പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ക്കായി പോരാടുമെന്നും പിന്തുണ പ്രഖ്യാപിച്ചവർക്കടക്കം നന്ദി പറയുന്നതായും ഖാർഗെ പറഞ്ഞു. അതേസമയം ഒരാള്‍ക്ക് ഒരു പദവിയെന്ന ഗെലോട്ടിന് മുൻപിലും ഉയർന്ന പ്രശ്നം ഖാർഗെയ്ക്ക് മുന്നിലുമുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവായ അദ്ദേഹം വൈകാതെ രാജിവെച്ചേക്കും. ആർക്കും മത്സരിക്കാമെന്ന ഹൈക്കമാന്‍റിന്‍റെ പ്രഖ്യാപനത്തില്‍ പ്രചോദിതനായാണ് മത്സരിക്കുന്നതെന്ന് ത്രിപാഠി പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷനായി അശോക് ഗെലോട്ടിനെ എത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹൈക്കമാന്‍റ് ഒടുവില്‍ മല്ലികാർജ്ജുൻ ഖാർഗെയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രയില്‍ നടന്ന നിര്‍ണായക ചർച്ചക്കൊടുവിലായിരുന്നു തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നുള്ള പരിചയ സമ്പന്നനായ ഖാർഗെയുടെ ബിജെപി പ്രതിരോധവും ഗാന്ധി കുടുബവുമായുള്ള അടുപ്പവും സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കപ്പെട്ടു. മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ദിഗ് വിജയ് സിങും എ കെ ആന്‍റണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും ഗെലോട്ടും ഖാർഗെക്കായി നാമനിർദേശ പത്രികയില്‍ ഒപ്പിട്ടു. വിമതരായ ജി 23 നേതാക്കളും ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചു.