ലണ്ടന്‍: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ബ്രിട്ടീഷ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപദേശക സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. യുകെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍ മാര്‍ക് ല്യാള്‍ ഗ്രാന്‍റ്, ബ്രിട്ടീഷ് മുന്‍  ഡിഫന്‍സ് ഇന്‍റലിജന്‍റ്സ് തലവന്‍ ക്രിസ് നിക്കോള്‍സ്, കണ്‍സര്‍വേറ്റീവ്സ് ഫ്രണ്ട്സ് ഓഫ് ഇസ്രായേല്‍ ഹോണററി പ്രസിഡന്‍റ് സ്റ്റുവര്‍ട്ട് പൊളാക് എന്നിവരോടൊപ്പമാണ് സിടിഡി അഡ്‍വൈസേഴ്സ് എന്ന അന്തരാഷ്ട്ര സ്ഥാപനത്തില്‍ ശശി തരൂരും ചേര്‍ന്നത്.

കോര്‍പറേറ്റ് നയതന്ത്രം, വിലപേശല്‍, അധികാര തന്ത്രം എന്നിവ ഇക്കാലത്തെ പ്രധാന ബിസിനസ് തന്ത്രമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ബ്രെക്സിറ്റ് അനിശ്ചിതത്വം തുടരുന്ന സാഹചര്യം, പൊതു വിവരം/വ്യാജ വാര്‍ത്ത, ചൈനയുടെയും ഇന്ത്യയുടെയും ലോക ശക്തിയായുള്ള വളര്‍ച്ച, പുതിയ ആഗോള ബന്ധങ്ങള്‍ എന്നിവ സര്‍ക്കാറുകളുടെയും കോര്‍പറേറ്റുകളുയെും നിക്ഷേപകരുടെയും രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. അതേസമയം, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ഥിരോത്സാഹികള്‍ക്ക് വിജയത്തിനായി കൃത്യവും തന്ത്രപരമായ ഉപദേശവും നല്‍കാന്‍ സാധിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

മുന്‍ ബ്രിട്ടീഷ്‍ ബാങ്കറും വ്യവസായ തന്ത്രജ്ഞനുമായ ഷൊയ്ബ് ബജ്‍വയാണ് സിടിഡി അഡ്‍വൈസേഴ്സ് സ്ഥാപിച്ചത്. അന്താരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇവര്‍ ഉപദേശം നല്‍കുന്നുണ്ട്.