ദില്ലി: നേതൃത്വത്തിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കത്ത് വിവാദം കെട്ടടങ്ങിയിട്ടും ശശി തരൂരിനോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിക്ക് കുറവില്ല. ഇന്ന് ചേർന്ന കോൺഗ്രസിന്റെ പാർലമെന്ററി നയരൂപീകരണ സമിതി യോഗത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും കത്തെഴുതിയ 23 നേതാക്കളിൽ ഒരാളുമായ ശശി തരൂരിനെ പങ്കെടുപ്പിച്ചില്ല. അംഗങ്ങളല്ലാത്ത പലരെയും ക്ഷണിച്ചപ്പോഴാണ് തരൂരിനെ നേതൃത്വം ഒഴിവാക്കിയത്.

പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എന്നാൽ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു. ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കത്തെഴുതിയ നേതാക്കളെ യോഗത്തിൽ നിന്ന് മാറ്റിനിർത്തില്ലെന്ന് കെസി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതും പാഴ്‌വാക്കായി. അതേസമയം തരൂരിനെ കടുത്ത ഭാഷയിൽ വിമർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

കത്തിന്റെ പേരിൽ പാർട്ടിക്കകത്ത് കലാപം കെട്ടടങ്ങിയെന്ന് നേതൃത്വം തന്നെ വിശദീകരിച്ചെങ്കിലും വിവിധ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഇവരെ ഒഴിവാക്കുന്ന സാഹചര്യമാണ്. കത്തെഴുതിയ 23 പേരും മുതിർന്ന നേതാക്കളാണ്. കത്തിൽ വിശദമായ ചർച്ചയ്ക്ക് നേതൃത്വം തയ്യാറാകണമെന്ന നിലപാടിൽ തന്നെയാണ് ഇവരുള്ളത്. അതിനാൽ തന്നെ കത്ത് വിവാദം തത്കാലം കെട്ടടങ്ങിയെങ്കിലും വരും നാളുകളിൽ ഇത് ചൂടേറിയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് കരുതുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി  ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എംപി ഫണ്ട് നിര്‍ത്തലാക്കാനുള്ള ബില്ലിനെതിരെ   വോട്ട് ചെയ്യാനും  തീരുമാനമുണ്ട്. ആകെ നാല് ഓർഡിനൻസിനെ അനുകൂലിക്കാനും, ഏഴ് എണ്ണത്തെ എതിർക്കാനും യോഗം തീരുമാനിച്ചു. രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനും യോഗത്തിൽ ധാരണയായി.